കേന്ദ്ര മാർഗ്ഗരേഖയുമായി ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം 2ന്

Sunday 31 October 2021 12:26 AM IST

ന്യൂഡൽഹി: ബി.ജെ.പി കേരളത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തന പദ്ധതികളുടെ മാർഗ്ഗ രേഖയുമായി സംസ്ഥാന ഭാരവാഹികളുടെ യോഗം നവംബർ 2, 3 തിയതികളിൽ തിരുവനന്തപുരത്ത് ചേരും. രണ്ട് ദിവസങ്ങളിലായി അര ഡസനിലേറെ യോഗങ്ങളാണ് നടക്കുന്നത്. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് പങ്കെടുക്കും.

സംസ്ഥാനത്തെ ചില നേതാക്കൾ നടത്തുന്ന അച്ചടക്കമില്ലായ്മക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് പിറകെയുള്ള പുതിയ മാർഗ്ഗരേഖ സംസ്ഥാനത്തെ പാർട്ടിക്ക് പുതുജീവൻ നൽകുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കവുമാണിത്.

2 ന് സംസ്ഥാന കോർ കമ്മിറ്റിയും,സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും. 3 ന് രാവിലെ ജില്ലാ പ്രസിഡന്റുമാരുടെയും ജില്ലകളുടെ പ്രഭാരിമാരുടെയും യോഗവും സംഘടനാ സെക്രട്ടറിമാരുടെ യോഗവും നടക്കും. കോർപ്പറേഷൻ കൗൺസിലർമാർ, സോഷ്യൽ മീഡിയ ടീം, ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ എന്നിവരുടെ യോഗം പ്രത്യേകം നടക്കും. ബൂത്ത് തലം മുതൽ എല്ലാ മേഖലകളും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗങ്ങൾ. പാർട്ടിയിൽ പുനഃസംഘടന ആവശ്യമാണോയെന്ന കാര്യവും കോർ കമ്മിറ്റി ചർച്ച ചെയ്യും.