ജി 20 ഉച്ചകോടി ആരംഭിച്ചു, വാക്സിൻ വിതരണത്തിൽ സമത്വം ഉറപ്പാക്കും

Sunday 31 October 2021 12:00 AM IST

റോം: വാക്സിൻ വിതരണത്തിൽ സമത്വം ഉറപ്പാക്കുമെന്ന് ജി 20 ഉച്ചകോടി. ഇന്നലെയാണ് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ഉച്ചകോടി ആരംഭിച്ചത്.

ദരിദ്ര രാജ്യങ്ങളിൽ മൂന്ന് ശതമാനത്തിന് മാത്രമാണ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചത്.

എന്നാൽ,​ സമ്പന്ന രാജ്യങ്ങളിൽ 70 ശതമാനത്തിനും ഒരു ഡോസെങ്കിലും ലഭിച്ചെന്ന് ചടങ്ങിന് ആതിഥേയത്വം വഹിക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി പറഞ്ഞു. കൂട്ടായ യത്നത്തിലൂടെ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ഉറപ്പുവരുത്തുക എന്നതാണ് ജി 20യുടെ പ്രധാന ലക്ഷ്യം കൊവിഡ് മഹാമാരി പടർന്ന ശേഷം ആദ്യമായാണ് നേതാക്കൾ ജി 20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നത്.

ആഗോള ആരോഗ്യം,​ സമ്പദ്‌വ്യവസ്ഥ,​ ആഗോളതാപനം, ഇന്ത്യ – യൂറോപ്യൻ യൂണിയൻ ഉഭയകക്ഷിബന്ധം,​ പരിസ്ഥിതി പ്രശ്നങ്ങൾ,​ കൊവിഡാനന്തര സാമ്പത്തിക മേഖല,​ അഫ്ഗാൻ പ്രശ്നം

എന്നിവയാണ് ഇന്നലെ പ്രധാനമായും ചർച്ചയായത്. ആഗോള താപന നിരക്ക് 1.5 ഡിഗ്രി സെൽഷ്യസിൽ പിടിച്ചു നിറുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ലോകനേതാക്കൾ അറിയിച്ചു. അതേസമയം ഇറാൻ ആണവ പദ്ധതി വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ലോകനേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. ഉച്ചകോടിയിൽ ചൈനയും റഷ്യയും വെർച്വലായാണ് പങ്കെടുക്കുന്നത്. ഉച്ചകോടി ഇന്ന് അവസാനിക്കും.

 മോദിയ്ക്ക് ഊഷ്മള സ്വീകരണം

ഉച്ചകോടിയിൽ പങ്കെടുക്കാനായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടെത്തിയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി സ്വാഗതം ചെയ്തത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സിങ്കപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂംഗ് എന്നിവരുമായി മോദി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അദ്ധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായും മോദി ചർച്ച നടത്തിയിരുന്നു. അതേസമയം,​ അടുത്ത വർഷം ഡിസംബറിൽ നടക്കുന്ന ജി 20യുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നത് ഇന്ത്യയാണ് . 2023ലെ ഉച്ചകോടി ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഡൽഹിൽ നടക്കും.