അവയവദാനത്തിൽ മാതൃക: കണ്ണാണ്,കരളാണ് പിണറായി പൊലീസ്

Saturday 30 October 2021 11:04 PM IST

അവയവദാന പത്രം ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

പിണറായി:അവയവത്തിനായി കാത്തിരുന്ന് ജീവൻ വെടിയേണ്ടി വരുന്നവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ് പിണറായി പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ചേർന്ന് ഒരു തീരുമാനമെടുത്തു. മുഴുവൻ പേരും അവയവദാനസമ്മതപത്രം നൽകുക. അനുകരണീയമായ ഈ തീരുമാനത്തിന് പിറകെ അവയവദാനസമ്മതപത്രം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറാനും അവർ തീരുമാനിച്ചുകഴിഞ്ഞു.

അവയവദാനത്തെ കുറിച്ചുള്ള അജ്ഞതയും ഒരുപാടു പേരുടെ പ്രതീക്ഷകൾക്ക് തടസ്സമാകുന്നുവെന്ന് മനസിലാക്കി സമൂഹത്തിന് ഒരു സന്ദേശം പകരുന്ന തീരുമാനം കൂടിയായി പിണറായിയിലെ പൊലീസുകാരുടേത്. വനിതാ എസ്‌.ഐ ഇ. കെ രമ്യയുടെ നേതൃത്വത്തിലാണ് മുഴുവൻ പൊലീസുകാരും ചരിത്രദൗത്യത്തിന് ഇറങ്ങുന്നത്.

ഇക്കാര്യം പരസ്പരം പങ്കുവച്ച സ്റ്റേഷനിലെ പൊലീസുകാർക്ക് മുന്നിൽ എസ്. ഐ ഇ.കെ. രമ്യ പ്ളസ് ടു വിദ്യാർത്ഥിയായിരിക്കുമ്പോൾ നേത്രദാനസമ്മതപത്രം നൽകിയത് എടുത്തുപറഞ്ഞപ്പോൾ എല്ലാവർക്കും പൂർണസമ്മതം. എല്ലാ പൊലീസുകാരും അവയവദാനത്തിന് ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ പൊലീസ് സ്റ്റേഷൻ കൂടിയാണ് പിണറായിലേത്. കണ്ണ് മാത്രമല്ല, ഉപയോഗിക്കാൻ പറ്റുന്ന എല്ലാ അവയവങ്ങളും കൊടുക്കാൻ തയ്യാറാണ് ഇവർ. ഹൃദയവും വൃക്കയും കരളും ശ്വാസകോശവും ആഗ്‌നേയഗ്രന്ഥിയും, ശ്വാസനാളദ്വാരവും ചെറുകുടലുംവരെ മരണാനന്തരം നൽകുമെന്നാണ് പൊലീസുകാരുടെ ഉറപ്പ്.

35 അംഗ ദൗത്യസേന

സർക്കാരിന്റെ മൃതസഞ്ജീവനിയിൽ നൽകുന്നതിനായി അടുത്ത ബന്ധുക്കളുടെ സമ്മതം ഉറപ്പിച്ചുകഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് സമ്മതപത്രം കൈമാറും.കൊയിലാണ്ടി സ്വദേശിയായ രമ്യയുടെ ആദ്യ നിയമനമാണ് പിണറായി സ്‌റ്റേഷനിലേത്.സമൂഹത്തിൽ അവയവദാന ബോധവത്ക്കരണമെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്. അഞ്ച് ഗ്രേഡ് എസ്‌.ഐ, പത്ത് എ.എസ്‌.ഐ, രണ്ട് വനിതാ പൊലീസ്, രണ്ട് ഡ്രൈവർ ഉൾപ്പെടെ 35 പേരാണ് സമ്മതപത്രം നൽകിയത്.

ജീവന്റെ വിലയിൽ നിന്നാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നത്. ബോധവത്കരണത്തിന്റെ അഭാവമാണ് അവയവദാനത്തിൽ നിന്നു പലരും പിൻതിരിയുന്നത്. അവയവദാനം ഒരു ജീവകാരുണ്യ പ്രവർത്തനമെന്ന നിലയിൽ എല്ലാവരും മുൻകൈയെടുത്താൻ കുറെ ജീവൻ രക്ഷിക്കാൻ കഴിയും.

ഇ.കെ. രമ്യ, എസ്. ഐ, പിണറായി സ്റ്റേഷൻ

Advertisement
Advertisement