98 ദിവസം, 8 സംസ്ഥാനങ്ങൾ, 4000 കി.മീ.., മോഹയാത്ര കടന്ന് സഹ്ലയും ടീമും നാട്ടിൽ

Sunday 31 October 2021 12:01 AM IST

മലപ്പുറം: രണ്ട് ആൺകുട്ടികൾക്കൊപ്പം സൈക്കിളിൽ രാജ്യം ചുറ്റാൻ പോവുകയോ !. ആദ്യം നെറ്റിചുള്ളിച്ചവർ പോലും ഇന്ന് അരീക്കോട് സ്വദേശികളായ സഹ്‌ല പരപ്പനെയും സഹയാത്രികരായ മുഹമ്മദ് ഷാമിലിനെയും മഷ്ഹൂർഷായെയും മനസ്സറിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. 98 ദിവസത്തെ വെയിലിലും മഴയിലും തളരാതെ സൈക്കിളിൽ 4,000 കിലോമീറ്റർ താണ്ടിയവർ കാശ്മീരിൽ എത്തിയപ്പോൾ യാത്രാമോഹം മനസ്സിൽ ഒതുക്കുന്നവർക്കുള്ള പ്രചോദനം കൂടിയായി. ജൂലൈ 28ന് അരീക്കോടിൽ നിന്നാരംഭിച്ച് എട്ട് സംസ്ഥാനങ്ങൾ താണ്ടി സെപ്തംബർ 30നാണ് കാശ്മീരിൽ പ്രവേശിക്കുന്നത്. കാശ്മീരിലും ലഡാക്കിലും ലേയിലുമായി ഒരുമാസത്തോളം സഞ്ചരിച്ച ശേഷം ഇന്നലെയാണ് വിമാനമാർഗ്ഗം നാട്ടിലെത്തിയത്.

കാശ്മീരിൽ നിന്ന് സൈക്കിളിൽ തന്നെ കേരളത്തിലേക്ക് വരണമെന്നായിരുന്നു മൂവരുടേയും ആഗ്രഹം. എന്നാൽ മണാലിയിലും ശ്രീനഗറിലും കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് റോഡുകൾ അടച്ചതോടെ വിമാനമാർഗ്ഗം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. സൈക്കിൾ ഇതേ വിമാനത്തിൽ കാർഗോയിലും അയച്ചു. മുഹമ്മദ് ഷാമിൽ ജോലിയാവശ്യാർത്ഥം അഞ്ചുദിവസം മുമ്പേ നാട്ടിലെത്തിയിരുന്നു. തുടർന്ന് സഹ്‌ലയും മഷ്ഹൂർ ഷാനും ചേർന്നായിരുന്നു യാത്ര.

കാശ്മീർ വരെ സൈക്കിളിൽ യാത്ര ചെയ്യുകയെന്ന തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സഹ്‌ല. സൈക്കിളിൽ ഒറ്റയടിക്ക് ഇത്രയധികം ദൂരം യാത്ര ചെയ്ത ചുരുക്കം പെൺകുട്ടികളിൽ സഹ്‌ലയും ഇടം പിടിച്ചു. നിരവധി വിമർശനങ്ങൾ കേട്ടിരുന്നുവെങ്കിലും തന്റെ ആഗ്രഹത്തോട് അതിയായ ആത്മവിശ്വാസം പുലർത്തി രണ്ട് കൂട്ടുകാരോടൊപ്പം ഇന്ത്യയെ ചുറ്റാനായതിൽ അഭിമാനിക്കുന്നുവെന്ന് സഹ്‌ല കേരളകൗമുദിയോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ എത്തിയപ്പോയെല്ലാം അതിഥിയെ പോലെയാണ് ആ നാട്ടുകാർ സ്വീകരിച്ചതെന്നും സഹ്‌ല പറഞ്ഞു.

കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മുകാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര. സിക്ക് മതക്കാരുടെ ഗുരുദ്വാരകളും ചരക്ക് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ വിശ്രമ കേന്ദ്രങ്ങളായ ധാബകളെയുമാണ് ഉറങ്ങാനായി പ്രധാനമായും ആശ്രയിച്ചത്. ചിലയിടങ്ങളിൽ ടെന്റടിച്ചും താമസിച്ചു. യാത്രക്കിടെ ക‌ർണാടകയിൽ മാത്രമാണ് കാര്യമായ മഴയുണ്ടായിരുന്നത്. പിന്നീടുള്ള എല്ലാ സംസ്ഥാനങ്ങളിലും കഠിനമായ വെയിലായിരുന്നു. കർണാടകയിലെ ബെൽഗാമിലെ ആർമി ട്രെയിനിംഗ് സെന്ററിൽ ആലപ്പുഴ സ്വദേശിയായ മേജർ റാഷിദിന്റെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങൾ തങ്ങൾക്കായി ഒരുക്കിയതും വേറിട്ട അനുഭവമായിരുന്നുവെന്ന് യാത്രാസംഘം പറഞ്ഞു. ഇന്ത്യയെ മനോഹരമാക്കുന്ന സോജില പാസ്, നംകില പാസ്, ഫത്തുല പാസ്,കർദുംല എന്നിവിടങ്ങളെല്ലാം മതിവരുവോളം ആസ്വദിച്ചു. ഇനി നോർത്ത് ഈസ്റ്റ് യാത്രക്കായുള്ള ഒരുക്കത്തിലാണ് മൂവർ സംഘം.

എനിക്ക് സാധിക്കാത്ത ഒരുകാര്യം ചെയ്യാൻ മകൾക്ക് കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനമുണ്ട്. എല്ലാവരും നല്ല പിന്തുണയായിരുന്നു തന്നത്. ചുരുക്കം ചില വിമർശനങ്ങൾ നേരിട്ടിരുന്നുവെങ്കിലും പ്രാർത്ഥനയും സന്തോഷവുമാണ് മനസ്സിൽ ഉണ്ടായിരുന്നത്.

പി.ഹഫ്സത്ത്

സഹ്‌ലയുടെ ഉമ്മ

ഏറെ നാളത്തെ ആഗ്രഹം സഫലമാക്കാൻ സാധിച്ചു. ആഗ്രഹങ്ങൾ വിടാതെ പിന്തുടർന്നാൽ അത് സഫലമാക്കുന്നതിന് വേണ്ടി നമ്മളെ സഹായിക്കാൻ ഒരുപാട് ആളുകളുണ്ടാകും. ചില വിമർശനങ്ങൾ വന്നേക്കാം. ഇതിലൊന്നും തളരാതെ അതിജീവിച്ച് മുന്നോട്ടുപോവണം.

സഹ്‌ല പരപ്പൻ