സ്നേഹിതരേ... മാന്ത്രികക്കൂടാരത്തിലേക്ക് വരൂ !

Sunday 31 October 2021 12:35 AM IST

തിരുവനന്തപുരം കോർപ്പറേഷൻ ശരിക്കും ഒരു മാന്ത്രികക്കൂടാരമാണ്. പുറത്ത് നിന്ന് നോക്കിയാൽ ആർക്കും ഒന്നും തോന്നില്ല. പക്ഷേ അകത്ത് അതിവിശാലമാണ് സംഗതി. മോൻസൻ മാവുങ്കലിന്റെ കൊട്ടാരമൊക്കെ തോറ്റുപോവുമെന്ന് അനുഭവിച്ചവർ പറയുന്നു. ചത്തകോഴിയെ പറപ്പിക്കുന്ന ഭൂതങ്ങൾ. ആർക്ക് മുന്നിലും കൈനീട്ടുന്ന തൂണുകൾ (തിരിഞ്ഞു കടിക്കാത്തതെന്തും ഈ തൂണുകൾ സ്വീകരിക്കുമത്രേ). ഒറ്റക്കാഴ്ചയിൽ കാണാനാവാത്ത ടിപ്പറുകളെയും ടാങ്കർ ലോറികളെയും മറ്റും ഉണ്ടാക്കിയെടുക്കുന്ന മന്ത്രവാദ ശക്തികൾ. കിട്ടുന്നതെന്തിനെയും ആവിയായി മേല്പോട്ട് പറത്തിക്കളയുന്ന മാന്ത്രികദണ്ഡുകൾ ( ഉദാഹരണത്തിന്, ആളുകളെന്ന് പറയുന്ന പൊതുജനം നികുതിപ്പണം അവിടെ അടച്ചാൽ ഒറ്റനിമിഷം കൊണ്ട് ഈ ദണ്ഡുകൾ അവയെ മേല്പോട്ട് പറത്തി ആവിയാക്കുമത്രെ). ഈ ദണ്ഡുകളെ പരിപാലിക്കാനായി പതിനെട്ട് അക്ഷൗഹിണിപ്പടയെന്നൊക്കെ പറയുമ്പോലെ എണ്ണിയാലൊടുങ്ങാത്ത ആനകളും കുതിരകളും തേരുകളും കാലാളുമൊക്കെയായി, കുറേ മന്ത്രവാദികളും വാദിനികളും. പിന്നെ, കൊമ്പ്, കുഴൽ, കുടച്ചക്രം എന്നുവേണ്ട സകലതും.

അകത്ത് കയറിയാൽ സ്ഥലജലവിഭ്രമം പിടിപെടുന്ന തരത്തിൽ കയറുന്നവർ വല്ലാത്ത അവസ്ഥയിലായിപ്പോകുമെന്ന് പറയുന്നു. തൊട്ടു മുന്നിലുള്ളത് വെള്ളമാണോയെന്ന് തോന്നിപ്പോകുക. അങ്ങോട്ടേക്കെടുത്തു ചാടിയാൽ കാൽമുട്ടിന്റെ ചിരട്ടയൊടിയും. കാരണം അത് പരുപരുത്ത തറയായിരിക്കും. പക്ഷേ തൊട്ടടുത്ത്, അതാ നല്ല വിശാലമായ റൂം എന്ന് തോന്നി പതിയെ കാലെടുത്തുവച്ചാലോ? നേരേ വെള്ളത്തിലേക്കാണ്. വെള്ളമാണെന്നറിയാതെ സാദാ മട്ടിൽ കാലെടുത്ത് വച്ചാൽ തിറമ്പി വീഴുന്നതാണ് ഫലം. ഈ റൂമിനെയാണ് പിണറായി സഖാവ് പറഞ്ഞ റൂം ഫോർ റിവർ എന്ന് വിളിക്കുന്നത് എന്ന് പറയുന്നവരുമുണ്ട്.

കാഴ്ചയിൽ പെടാത്ത ലോറികളും മറ്റും ഉത്‌പാദിപ്പിക്കുന്ന മന്ത്രവാദികളും വാദിനികളും സദാനേരവും ഉറക്കത്തിലാണ്ട് കിടപ്പായിരിക്കുമെന്ന് അകം സന്ദർശിച്ചവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുംഭകർണാദിലേഹ്യം എന്ന പേരിലൊരു ലേഹ്യം സേവിച്ചതിനാലാണത്. ഈ ലേഹ്യം സേവിച്ചാൽ ആണ്ടോടാണ്ട് ഒരു രണ്ട് ദിവസം ഉറക്കത്തിൽ നിന്നെഴുന്നേൽക്കാൻ സാധിക്കും. ഈ രണ്ട് ദിവസം കൊണ്ടാണ് കാക്കത്തൊള്ളായിരം ലോറികളും ഏതാണ്ട് അത്ര തന്നെ പിക്കാസുകളും കോടാലികളുമെല്ലാം ഉത്‌പാദിപ്പിക്കുന്നത്. അന്ന് നഗരത്തിൽ ആറ്റുകാൽ പൊങ്കാല എന്ന പേരിലൊരു ഉത്സവവും കാലാകാലങ്ങളായി കൊണ്ടാടി വരുന്നു. പൊങ്കാല ദിവസത്തിലല്ലാതെ മുന്നൂറ്റിയറുപത്തഞ്ചേ കാൽ ദിവസവും ഇവരെ ഉറങ്ങാതിരിക്കാൻ അനുവദിച്ചാൽ ഇവരുണ്ടാക്കിവയ്ക്കുന്ന ലോറികളെയും മറ്റും പാർപ്പിക്കാൻ സ്ഥലം തികയാതെ വരുമെന്നതിനാലാണ് ബാക്കി ദിവസങ്ങളിൽ ഉറക്കിക്കിടത്തുന്നത്. സംഗതി കയറിക്കാണുന്നവർക്ക് അവിടെ ലോറികളൊന്നും കണ്ടെന്ന് വരില്ല. പക്ഷേ, അകത്ത് അവയെയെല്ലാം പാർപ്പിച്ചിട്ടുണ്ട്.

അങ്ങനെയുള്ള മാന്ത്രികക്കൂടാരത്തെപ്പറ്റി ഇല്ലാക്കഥകൾ പലതും പറഞ്ഞുപരത്തുന്നുണ്ട്. ഭരിക്കുന്ന മേയറൂട്ടി അവിടത്തെ പ്രധാന തന്ത്രിയാകുമ്പോൾ, കാലാളായി നിന്നുതന്നെ കാലുവാരുന്ന പ്രതിപക്ഷദേഹണ്ഡക്കാർ കണ്ണടച്ച് നിന്ന് കാൽപ്പണം വിഴുങ്ങാറുണ്ടെന്നും പറയുന്നുണ്ട്. അതെന്തായാലും പ്രതിപക്ഷ ദേഹണ്ഡക്കാർ ഇക്കുറി ആളുകളെ പറ്റിക്കാൻ ആ നികുതിപ്പണം പറത്തുന്ന മന്ത്രവാദി-വാദിനികളെ അറസ്റ്റ് ചെയ്തേ അടങ്ങൂവെന്നാവശ്യപ്പെട്ട് സമരം നടത്തിക്കളഞ്ഞു! വെറും സമരമല്ല, നിരാഹാര സമരം തന്നെ. മേയറൂട്ടിക്കും മേജർസെറ്റിനും അതുകാരണം കുറേ മന്ത്രവാദി-വാദിനിമാരെ പിടിച്ച് പൊലീസിനോ വിജിലൻസിനോ ഒക്കെ കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇവരിൽ ചില മന്ത്രവാദിനിമാർക്ക്, കൊച്ചുകൊച്ചു സാമ്രാജ്യങ്ങൾ പതിച്ചുനൽകിയതായിരുന്നു. നേമം, ആറ്റിപ്ര, ശ്രീകാര്യം എന്നൊക്കെ പേരിൽ. നേമം സേനാധിപയെ പിടിക്കാൻ ചില്ലറ പാടുപെടേണ്ടി വന്നതുകൊണ്ടാണ് നിരാഹാരവും നീണ്ടുപോയത്. അത് നടന്നതോടെ നിരാഹാരവും നിന്നു.

നേമം സേനാധിപയുടെ അടുത്ത് നികുതിപ്പണവും കൊണ്ടുപോയ കഴുതകൾക്കറിയാം ആ മന്ത്രവാദിനിയുടെ ശക്തിയെത്രയായിരുന്നുവെന്ന്! ദ്രോണർ അക്കൂട്ടത്തിലൊരു കഴുതയാവാൻ ഭാഗ്യം സിദ്ധിക്കപ്പെട്ടവനായിരുന്നു! ചിലപ്പോൾ നിന്ന നില്പിൽ കഴുതയെ അവർ പറപ്പിച്ചുകളഞ്ഞെന്നിരിക്കും. അതുകൊണ്ട് കേസും കുന്ത്രാണ്ടവുമൊക്കെ അവിടെ നില്‌ക്കട്ടെ. കൂടാരം കൂടാരത്തിന്റെ വഴിക്കുതന്നെ നാൾക്കുനാൾ മുന്നോട്ട് പോകുമെന്നതിന് യാതൊരു ശങ്കയും വേണ്ടതില്ല.

   

ഏകേജി സെന്ററിന്റെ പടിയിറങ്ങിപ്പോയ ചെറിയാൻജി ഒന്ന് തിരിഞ്ഞുനോക്കി. അവിടെ എല്ലാവരും ഉറങ്ങിക്കിടപ്പാണെന്ന് തോന്നിപ്പോയി. ആരും യാത്രയാക്കാനില്ല. ചെറിയാൻജി ഓർത്തു. പത്തിരുപത് കൊല്ലം മുമ്പ് കേറിച്ചെല്ലുമ്പോൾ എന്തായിരുന്നു ആവേശം. പിണറായിസഖാവ് രണ്ട് കൈയും നീട്ടി വരവേല്‌ക്കുന്നു. ആന, അമ്പാരി, വെഞ്ചാമരം! ഇപ്പോൾ വെഞ്ചാമരം പോയിട്ട് ഒരു രോമം പോലും അവിടെയെങ്ങും കാണാനില്ലായിരുന്നു. ചെറിയാൻജി കീഴ്പോട്ട് നോക്കി. ഭാഗ്യം! ഇട്ട ചെരിപ്പ് കൂടെയുണ്ട്.

ചെറിയാൻജിക്ക് ആശ്വാസം തോന്നി. അന്ന് ഏകേജി സെന്ററിലേക്ക് പോരുമ്പോഴും കൂടെ ഈ ചെരിപ്പ് മാത്രമല്ലേ ഉണ്ടായുള്ളൂ എന്നോർത്തപ്പോഴായിരുന്നു ആശ്വാസത്തിന്റെ ആ നിർവൃതിയുയർന്നത്. ചെറിയാൻജിക്ക് വേണ്ടത് ഒരേയൊരു രാജ്യസഭാസീറ്റായിരുന്നു. ചെറിയാൻജിയും രാജ്യസഭയും തമ്മിൽ നാഭീ-നാള ബന്ധമാണെന്ന് തിരിച്ചറിയാൻ ശേഷിയുള്ള ചരിത്രകാരന്മാരുടെ കുറവ് ഏകേജി സെന്ററിലുണ്ടായപ്പോഴാണ് അദ്ദേഹത്തിന് ആ പടിയിറങ്ങേണ്ടി വന്നത്. ഇനി പണ്ട് കുറേ ചവിട്ടിനടന്ന ഇന്ദിരാഭവനിലോട്ടാണ് യാത്ര. അവിടെയുള്ള ചരിത്രകാരന്മാർക്ക് വൈകിയെങ്കിലും ബുദ്ധി തോന്നി ചെറിയാൻജിയെ ഒരു കരയ്ക്കടുപ്പിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. കണ്ടുതന്നെ അറിയണം!

ഇ-മെയിൽ: dronar.keralakaumudi@gmail.com

Advertisement
Advertisement