കരമടയ്ക്കാനും കൈക്കൂലിയോ?

Sunday 31 October 2021 12:35 AM IST

വസ്തുവിന്റെ കരം അടയ്ക്കാനെത്തിയ സ്‌ത്രീയിൽ നിന്ന് പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ വില്ലേജ് അസിസ്‌റ്റന്റിനെക്കുറിച്ച് കഴിഞ്ഞ ദിവസം വന്ന വാർത്ത പലരും ശ്രദ്ധിച്ചുകാണും. അഹിതമായ എന്തെങ്കിലും സേവനം കിട്ടാൻ വേണ്ടിയായിരുന്നില്ല ആ പാവം വീട്ടമ്മ വില്ലേജ് ഓഫീസിനെ സമീപിച്ചത്. സർക്കാരിൽ ചെന്നുചേരേണ്ട കരം ഒടുക്കാൻ വേണ്ടി മാത്രമായിരുന്നു. വസ്തുക്കരം അത്ര വലിയ സംഖ്യയൊന്നുമാകില്ലെന്ന് ഏവർക്കുമറിയാം. ഈ കേസിൽ കുറെ വർഷത്തെ നികുതി കുടിശിക ഉണ്ടായിരുന്നുവത്രേ. കുടിശിക പെരുകുമ്പോൾ വസ്തു നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ട് തെളിവെടുപ്പും മറ്റും വേണ്ടിവരാറുണ്ട്. വസ്തുവിന്റെ അസൽ ആധാരവും മറ്റും കാണിച്ച് ബോദ്ധ്യപ്പെടുത്തുകയും വേണം. ഇതൊക്കെ മറികടന്ന് കരം തീർത്ത രസീത് നൽകാനാണ് വില്ലേജ് അസിസ്റ്റന്റ് വീട്ടമ്മയോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വിലപേശലിൽ കൈക്കൂലി തുക 15000 രൂപയായി കുറയ്ക്കാനുള്ള 'സന്മനസും' കാണിച്ചു. പറഞ്ഞുറപ്പിച്ച പ്രകാരം പൊതുസ്ഥലത്തുവച്ച് ഈ തുക കൈമാറുന്നതിനിടയിലാണ് വില്ലേജ് അസിസ്റ്റന്റ് പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം വീട്ടമ്മ വിജിലൻസിനെ അറിയിക്കാനുള്ള വിവേകം കാണിച്ചതുകൊണ്ടാണ് ഇതുണ്ടായത്. പലരും അങ്ങനെയാകണമെന്നില്ല.

ജീവിക്കാൻ മതിയായ മാന്യമായ ശമ്പളം ഉറപ്പാക്കിയശേഷവും, സർക്കാർ വകുപ്പുകളിൽ പലതിലും സേവനം തേടിയെത്തുന്ന പൊതുജനങ്ങൾ ഉദ്യോഗസ്ഥരെ പ്രസാദിപ്പിക്കാൻ കൈമടക്കു നൽകേണ്ടിവരുന്ന ദുഷിച്ച സമ്പ്രദായത്തിന് അറുതിവരുത്താൻ കഴിഞ്ഞിട്ടില്ല. പിടിക്കപ്പെടുന്ന കൈക്കൂലി കേസുകൾ ഏതാണ്ടെല്ലാം വിജിലൻസിനെ മുൻകൂർ അറിയിച്ച് സൃഷ്ടിക്കപ്പെടുന്നവയാണ്. കൈക്കൂലി കേസിൽ പിടിക്കപ്പെട്ടാലും തെളിവും സാക്ഷികളുമൊക്കെ ഉണ്ടെങ്കിലേ പ്രതിയെ ശിക്ഷിക്കാനാവൂ. വർഷങ്ങളെടുത്ത് കേസ് കോടതിയിലെത്തുമ്പോഴേക്കും തെളിവും സാക്ഷിയുമൊന്നും കാണണമെന്നില്ല. ആദ്യ നാളുകളിലെ സസ്‌പെൻഷൻ കഴിഞ്ഞ് കൈക്കൂലി വാങ്ങിയ ആൾ തിരികെ സർവീസിൽ കയറിയെന്നുമിരിക്കും. കരമടയ്ക്കാൻ മാത്രമല്ല, പോക്കുവരവ് ചെയ്തുകിട്ടാനും വസ്തു സർവേചെയ്തു കിട്ടാനും വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാനുമൊക്കെ സാധാരണക്കാർ പടിനല്‌കേണ്ട അവസ്ഥയാണ്. തടസങ്ങളില്ലാതെ അവിടങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിന് സർക്കാർ നിശ്ചിത ഫീസ് നിരക്കുകളും നിശ്ചയിച്ചിട്ടുണ്ട്. ഫീസ് ഈടാക്കി സമയബന്ധിതമായി സേവനം നൽകാൻ വേണ്ടിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്. സേവനത്തിന് പ്രതിഫലം ആവശ്യപ്പെടുന്നത് കുറ്റകരമെന്ന് അറിഞ്ഞു തന്നെയാണ് പലരും അതിന് തുനിയുന്നത്. 17 ലക്ഷം രൂപയുടെ ബില്ല് പാസാക്കാൻ മൂന്നേകാൽ ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പി.ആർ.ഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായത് ഏതാനും ദിവസം മുൻപാണ്. ചീഫ് എൻജിനിയർ പദവി വഹിക്കുന്നവർ വരെ കൈക്കൂലി കേസിൽ അറസ്റ്റിലായ വാർത്ത സമീപകാലത്ത് വായിക്കേണ്ടിവന്നു. വീട്ടുടമകളിൽ നിന്നു പിരിച്ച വീട്ടുകരം കോർപ്പറേഷൻ ഓഫീസിൽ അടയ്ക്കാതെ സ്വന്തം കാര്യങ്ങൾക്കായി തട്ടിയെടുത്ത ഉദ്യോഗസ്ഥർ കാരണം തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം മൂന്നാഴ്ചയോളം താളംതെറ്റിയ സംഭവമുണ്ടായിട്ടും അധിക ദിവസമായില്ല. തെറ്റുചെയ്തവർക്കും മതിയായ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ഇതൊക്കെ മുഖംമൂടി പോലുമില്ലാതെ നടന്നുകൊണ്ടിരിക്കുന്നത്. അഴിമതി വീരന്മാരെ ഒറ്റപ്പെടുത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിപ്പിക്കാനും സർവീസ് സംഘടനകൾ കൂടി താത്‌പര്യമെടുത്തിരുന്നെങ്കിൽ സേവനത്തിനു കൈക്കൂലിയെന്ന മഹാശാപത്തിന് കുറച്ചെങ്കിലും അറുതി ഉണ്ടായേനെ.

Advertisement
Advertisement