ഹെൽമെറ്റും കുട്ടികളും

Sunday 31 October 2021 12:35 AM IST

നിയമം പാസാക്കുന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ നിയമംകൊണ്ട് വീർപ്പുമുട്ടിക്കാൻ ശ്രമിച്ചാൽ ഫലം വിപരീതമാവും. ദേശീയപാതയിലെ കുഴി അടയ്ക്കാതെ ഒരു വർഷത്തോളം നീട്ടുകയും അതിലൂടെ സ‌ഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കർശനമായ നിയമങ്ങൾ അടിച്ചേല്‌പ്പിക്കുകയും ചെയ്യുന്നതിൽ പൊരുത്തക്കേടുണ്ട്. കർശന നിയമങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളിൽ ട്രാഫിക് നിയമം വളരെ കർശനമാണ്. സ്കൂൾതലം മുതൽ പാഠ്യവിഷയവുമാണ്. ഒപ്പം അവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ അൻപതു വർഷം മുൻകൂട്ടി കണ്ടുപോലും ഒരുക്കിയിട്ടുമുണ്ട്. എന്നിട്ടാണ് അവർ കർശന നിയമം നടപ്പാക്കുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്ന് കടംകൊണ്ട നിയമങ്ങൾ ഇവിടെ നടപ്പാക്കുന്നവർ പലപ്പോഴും ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുക്കാറില്ല.

തമിഴ്നാട്ടിലും ഹരിയാനയിലും യു.പിയിലും ബീഹാറിലും മറ്റും ടൂ വീലർ യാത്രചെയ്യാനുള്ള വെറും വാഹനം മാത്രമല്ല. വലിയ വിഭാഗം ജനം പുലർച്ചെ മുതൽ ഇരുചക്ര വാഹനങ്ങളിൽ തുടങ്ങുന്നത് അവരുടെ ജീവിതമാണ്. പാൽ, പച്ചക്കറി, പത്രം ,മീൻ തുടങ്ങിയ സാധനങ്ങളുമായി അവർ ഇറങ്ങുന്നത് ടൂ വീലറിലാണ്. തമിഴ്നാട്ടിൽ ടി വി എസിന്റെ മോപ്പഡിലാണ് ഭൂരിപക്ഷത്തിന്റെയും യാത്ര. വളർത്തു മ‌ൃഗങ്ങൾക്കുള്ള പുല്ലും മറ്റ് തീറ്റ സാധനങ്ങളും മറ്റും ശേഖരിച്ച് ബെെക്കിൽ വച്ചുകെട്ടിയാവും അവർ വീട്ടിലേക്ക് വരിക. പുതിയ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കിയാൽ ബെെക്ക് ഇതുപോലുള്ള ആവശ്യങ്ങൾക്ക് ഒാടിക്കാൻ പറ്റില്ല. ഇതൊന്നും കേട്ട് മറ്റ് സംസ്ഥാനങ്ങൾ കേരളത്തെപ്പോലെ ചാടിക്കയറി ഫെെനടിച്ച് പിറ്റേന്ന് തന്നെ നിയമം നടപ്പാക്കില്ല. റഷ്യയിൽ മഴപെയ്യുമ്പോൾ കേരളത്തിൽ കുടപിടിക്കാറുണ്ട് എന്ന് പറഞ്ഞതുപോലെ കേന്ദ്രം പാസാക്കുന്ന നിയമം അന്നു മുതൽ നടപ്പാക്കുന്ന ശുഷ്കാന്തി കേരളം എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഒൻപതുമാസത്തിനും നാല് വയസിനും ഇടയിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങുകയാണ് കേന്ദ്രഗതാഗത മന്ത്രാലയം. ഇതിന്റെ കരട് നിയമം പുറത്തിറക്കുയും ചെയ്തിരിക്കുകയാണ്. ഒൻപതു മാസത്തിനും നാലുവയസിനും ഇടയിലുള്ള കുട്ടികൾ ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ ബി.എെ.എസ് മാർക്കുള്ള ഹെൽമെറ്റ് ധരിക്കുക,നാലു വയസിൽ താഴെയുള്ള കുട്ടികൾ സുരക്ഷാ ബെൽറ്റ് ധരിക്കുക, പരമാവധി വേഗം 40കി.മി.ആയി ക്രമീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ്

ഇതിലുള്ളത്. ലംഘിച്ചാൽ ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലെെസൻസ് റദ്ദാക്കലുമാണ് ശിക്ഷ. പെട്രോളിന്റെ വില ഒാരോ ദിവസവും റോക്കറ്റുപോലെ കുതിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം ഇതെല്ലാം കൂടി ചേരുമ്പോൾ ലക്ഷ്വറിയായി മാറില്ലേ ഇരുചക്ര വാഹന യാത്ര എന്ന് പോലും തോന്നിപ്പോവുകയാണ്. ഇതിന്റെ പ്രയോജനം ആദ്യം ലഭിക്കുക കുട്ടികൾക്കാണോ ഹെൽമെറ്റ് കച്ചവടക്കാർക്കാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഒൻപതുമാസം പ്രായമുള്ള കുട്ടിയുടെ തലയിൽ ഹെൽമറ്റ് വയ്ക്കുന്നത് ശാസ്ത്രീയമാണോ എന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തണം. അതുപോലെ തന്നെ ബെൽറ്റ് ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും പഠനങ്ങൾ ആവശ്യമാണ്. ഒൻപതുമാസം പ്രായമുള്ള കുട്ടിക്ക് ഹെൽമെറ്റ് ധരിച്ചതുകാരണം ആരോഗ്യപ്രശ്നം ഉണ്ടായതായി ഡോക്ടർമാർ വിധിയെഴുതിയാൽ ചികിത്സാചെലവ് കേന്ദ്രം ഏറ്റെടുക്കുമെന്നു കൂടി നിയമത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ? ജനങ്ങളുടെ സുരക്ഷയിൽ ജാഗ്രതയും അനുകമ്പയുമുള്ള ഭരണാധികാരികളാണ് നിയമം രൂപപ്പെടുത്തിയതെന്ന് അപ്പോഴല്ലേ സാധാരണക്കാരന് തോന്നുക.

Advertisement
Advertisement