കരുതലോടെ തിരികെ സ്കൂളിലേയ്ക്ക്

Sunday 31 October 2021 12:44 AM IST

ആലപ്പുഴ: നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാർത്ഥികളെ സ്വീകരിക്കാൻ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങി. ഹൈസ്‌കൂൾ, യു.പി, എൽ.പി വിഭാഗങ്ങളിലായി ജില്ലയിൽ 770 സ്‌കൂളുകളാണുള്ളത്. വെള്ളപ്പൊക്ക ബാധിത മേഖലയായ കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ ഒഴികെ 720 ഇടത്ത് നാളെ ക്ലാസ് തുടങ്ങും. ഇതോടൊപ്പം 121 ഹയർ സെക്കൻഡറി സ്‌കൂളുകളിലും 21 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലും കുട്ടികളെത്തും.

തയ്യാറെടുപ്പുകൾ പൂർത്തിയായതായി കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. സർക്കാർ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചായിരിക്കും ക്ലാസുകൾ നടത്തുക. അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കിയിട്ടുണ്ട്. സൗകര്യങ്ങൾ കുറവുള്ള ക്ലാസ് മുറികൾക്ക് പകരം സംവിധാനം ഏർപ്പെടുത്തി. കൊവിഡ് പ്രതിരോധ മുൻകരുതലുകളോടെ ക്ലാസുകൾ നടത്തുന്നതിന് അദ്ധ്യാപകർക്ക് മാർഗനിർദേശങ്ങൾ നൽകി. തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റികളും സന്നദ്ധ പ്രവർത്തകരും അദ്ധ്യാപകരും രക്ഷിതാക്കളുമൊക്കെ തയ്യാറെടുപ്പുകളിൽ സജീവമായി പങ്കുചേർന്നു.

ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിൽ ഇന്ന് വൈകിട്ട് ദീപാലങ്കാരമൊരുക്കും. എല്ലാ ക്ലാസുകളിലും ഒരു സമയം പകുതി വിദ്യാർത്ഥികൾ മാത്രം ഹാജരാകുന്ന വിധമാണ് ക്രമീകരണം.

ശനിയാഴ്ചയും ക്ലാസ്

അദ്ധ്യാപകർക്കും സ്‌കൂളുകളിലെ മറ്റു ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തുന്നതിന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചു. ശനിയാഴ്ചയും ക്ളാസുകൾ ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. മാവേലി സ്റ്റോറുകളിൽ നിന്നാണ് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്.

മുന്നൊരുക്കങ്ങൾ

സ്‌കൂൾ ബസുകളിൽ സ്പീഡ് ഗവേർണർ സ്ഥാപിച്ചു

ഡ്രൈവർമാർക്ക് ബോധവത്കരണം
കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര ഒഴിവാക്കണം

സഭ്യമല്ലാത്ത പെരുമാറ്റങ്ങൾക്ക് കർശന നടപടി
റോഡ് സേഫ്ടി ക്ലബുകൾ പുനരുജ്ജീവിപ്പിക്കും
ക്ലീൻ കാമ്പസ്, സേഫ് കാമ്പസ് പദ്ധതി നടപ്പാക്കും
എല്ലാ സ്‌കൂളുകളിലും സേഫ്ടി ഓഫീസർ
കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും

"

ക്ലാസ് മുറികൾ അണുവിമുക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ളാസുകൾ നടത്തുക. സ്കൂളുകളിൽ കുടിവെള്ളം ഉറപ്പാക്കും.

വി.ആർ.ഷൈല

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

Advertisement
Advertisement