വലിയഴീക്കൽ ലൈറ്റ് ഹൗസ് നാടിന് സമർപ്പിച്ചു

Sunday 31 October 2021 12:47 AM IST

ആലപ്പുഴ: വലിയഴീക്കലിനെ വിനോദ സഞ്ചാര മേഖലയായി ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. വലിയഴീക്കലിൽ നിർമിച്ച ലൈറ്റ് ഹൗസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കടലും കായലും ഒന്നിച്ചുചേരുന്ന സ്ഥലത്തെ വിനോദസഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. നാവികർക്കും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കും സുരക്ഷിത കടൽയാത്രയ്ക്ക് പുതിയ ലൈറ്റ് ഹൗസ് സഹായകമാകും. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി രാജ്യത്ത് 75 ലൈറ്റ് ഹൗസുകളാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലൈറ്റ് ഹൗസിലെ ലൈറ്റ് തെളിയിക്കലും മന്ത്രി നിർവഹിച്ചു. അഞ്ചു വശങ്ങളോടു കൂടിയ രാജ്യത്തെ ആദ്യ ലൈറ്റ് ഹൗസും കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ലൈറ്റ് ഹൗസുമാണ് വലിയഴീക്കലിലേത്. കരയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ (51 കിലോമീറ്ററോളം) ദൂരം വരെ പ്രകാശ സൂചന ലഭിക്കും. ലൈറ്റ് ഹൗസിനുള്ളിൽ ലിഫ്ട് സൗകര്യവുമുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്സ് ഡയറക്ടറേറ്റിനാണ് ചുമതല. ചടങ്ങിൽ എ.എം. ആരിഫ് എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്സ് ഡയറക്ടർ ജനറൽ എൻ. മുരുകാനന്ദം തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement