ആശങ്കയിൽ മുങ്ങി കുട്ടനാട്

Sunday 31 October 2021 1:13 AM IST

# ഇടവിട്ട് പെയ്ത് തുലാമഴ

ആലപ്പുഴ: പ്രളയജലം ഒഴുകി നീങ്ങും മുമ്പ് തുലാമഴ പെയ്തിറങ്ങിയതോടെ കുട്ടനാട് വീണ്ടും പ്രളയഭീതിയിൽ. രണ്ടാഴ്ചയോളം നീണ്ട മഴക്കെടുതിയിലെ വെള്ളം കുട്ടനാട്ടിൽ നിന്ന് ഇറങ്ങിത്തുടങ്ങിയതേയുള്ളൂ. തുലാമഴ ഇടവിട്ട് പെയ്ത് തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.

പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം എന്നിവിടങ്ങളിലാണ് വെള്ളക്കെടുതി രൂക്ഷമായിരിക്കുന്നത്. എ - സി റോഡിൽ പൂവം മുതൽ മങ്കൊമ്പ് വരെ വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. ചങ്ങനാശേരിയിൽ നിന്ന് പൂപ്പള്ളി വരെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്. ജില്ലയിൽ രണ്ട് ദിവസമായി യെല്ലോ അലേർട്ടാണെങ്കിലും മഴ ശക്തമായതിനാൽ ജലനിരപ്പ് നേരീയ തോതിൽ ഉയർന്നിട്ടുണ്ട്.

ജില്ലയിലേക്ക് ഏറ്റവും കൂടുതൽ വെള്ളം ഒഴുകിയെത്തുന്നത് പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ നിന്നാണ്. ഈ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ടാണ്. മുല്ലപ്പെരിയാർ ഡാം തുറന്നതിനാൽ കോട്ടയത്ത് വീണ്ടും വെള്ളപ്പൊക്ക സാദ്ധ്യതാ മുന്നറിയിപ്പുണ്ട്. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്രാപിച്ചാൽ കുട്ടനാട് വീണ്ടും വെള്ളത്തിലാകും.

ഇന്നലെ ഉച്ചയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മഴ പെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുണ്ട കാലാവസ്ഥയാണ്. നദികളിലെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ കുട്ടനാട്ടിലേക്കുള്ള പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ നദികളിൽ ഒഴുക്ക് ശക്തമാണ്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം തുടരുകയാണ്.

തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവിടങ്ങളിലൂടെ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമായതാണ് അൽപ്പം ആശ്വാസം നൽകുന്നത്. എന്നാൽ കടൽപ്രക്ഷുബ്ധമായേക്കാമെന്ന മുന്നറിയിപ്പ് ആശങ്ക വർദ്ധിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും വിലക്കുണ്ട്.

കക്കി ഡാം തുറന്നേക്കും

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിലും കക്കി-ആനത്തോട് ഡാം വൃഷ്ടി പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കക്കി - ആനത്തോട് റിസർവോയറിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഷട്ടറുകൾ ഏത് നിമിഷവും ഉയർത്താം. അങ്ങനെ വന്നാൽ പമ്പയാറ്റിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരും.

""

നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. കിഴക്കൻ വെള്ളത്തിന്റെ വരവ് ഏത് നിമിഷവും ശക്തി പ്രാപിക്കാം.

ജില്ലാ ദുരന്തനിവാരണ അതോറിട്ടി

Advertisement
Advertisement