ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ബ്രഹ്മകലശം

Sunday 31 October 2021 3:20 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവത്തിന് മുന്നോടിയായി ഇന്ന് ബ്രഹ്മകലശ പൂജ നടക്കും. തിങ്കളാഴ്ച ബ്രഹ്മകലശവും ചൊവ്വാഴ്ച കൊടിയേറ്റുമാണ്. അഭിശ്രവണ മണ്ഡപത്തിൽ 365 സ്വർണക്കുടങ്ങളിൽ ജലം നിറച്ചാണ് കലശപൂജ നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ആറിന് തന്ത്രി പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കലശവും പരികലശങ്ങളും വലിയ സ്വർണക്കുടങ്ങളിൽ നെയ്യ്, തേൻ, മറ്റ് ദ്രവ്യങ്ങൾ എന്നിവയും പൂജിച്ച് ദേവന് കലശാഭിഷേകം നടത്തും. തുടർന്ന് തിരവോലക്കം.

സിംഹാസന വാഹനത്തിൽ വിഗ്രഹം ശ്രീകോവിലിന്റെ ചെറുചുറ്റിൽ എഴുന്നള്ളിക്കും. ക്ഷേത്രം സ്ഥാനി ഉടവാളേന്തി അകമ്പടി സേവിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന വിളംബരമാണ് തിരവോലക്കം. തിങ്കളാഴ്ച നിർമാല്യദർശനത്തിന് ശേഷം രാവിലെ 9.45 മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ചൊവ്വാഴ്ച രാവിലെ 8.45 നാണ് സ്വർണക്കൊടിമരത്തിലും തിരുവാമ്പാടിയിൽ വെള്ളിക്കൊടിമരത്തിലും കൊടിയേറ്റ്. തുടർന്ന് മുളപൂജയ്ക്കായി മിത്രാനന്ദജപുരം ക്ഷേത്രക്കുളത്തിൽ നിന്ന് മണ്ണുനീർ കോരൽ ചടങ്ങും നടക്കും.

Advertisement
Advertisement