എല്ലാവരും മറന്ന ആ ഭാഷാസമരത്തിന് 71

Monday 01 November 2021 12:08 AM IST
സി.എം.എസ്. ചന്തേര

അഴീക്കോട്: 71 വർഷം മുമ്പ് കേരളപ്പിറവി ദിനത്തിൽ മലയാള ഭാഷയ്ക്കു വേണ്ടി നടന്ന സമരത്തെ എല്ലാവരും മറന്നു. മലയാളത്തിനു വേണ്ടി ജയിൽവാസമനുഷ്ഠിച്ച ഗവേഷകൻ സി.എം.എസ്. ചന്തേരയേയും.

മലയാള ഭാഷയ്ക്കു വേണ്ടി സ്വതന്ത്രകേരളത്തിൽ നടന്ന ആദ്യപ്രക്ഷോഭമായിരുന്നു അത്. മലയാള സാഹിത്യ വിമർശകൻ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് മലയാള ഭാഷാ സമരം നടന്നത്. മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിൽ മലയാളം വിദ്വാൻ കോഴ്സ് നിർത്തലാക്കാൻ ശിപാർശ ചെയ്തിരുന്നു. ഹൈസ്കൂളുകളിൽ ബി.എ കോഴ്സ് പഠിച്ചവർ ഭാഷാദ്ധ്യാപകരായാൽ മതിയെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. അത് വിദ്വാൻ ബിരുദധാരികളിലും ഭാഷാദ്ധ്യാപക വിദ്യാർത്ഥികൾക്കിടയിലും ശക്തമായ പ്രതിഷേധത്തിനിടയാക്കി.

വിമോചനസമരം വിഴുങ്ങിയ സമരം

കേരളത്തിലങ്ങോളമിങ്ങോളം മലയാളം വിദ്വാൻ കോഴ്സ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സി.എം.എസ്. ചന്തേര പ്രക്ഷോഭം നയിച്ചു. കേരളത്തിൽ നാടൻ കലാ ഗവേഷണത്തിന് തുടക്കമിട്ട ഗവേഷക ആചാര്യന്മാരിൽ ഒരാളായ സി.എം.എസ്. ചന്തേര അന്ന് സോഷ്യലിസ്റ്റ് പാർട്ടി നേതാവും ഐ.എസ്.ഒ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഭാഷാദ്ധ്യാപക സമരം ഒടുവിൽ വിമോചന സമരത്തിന്റെ ഭാഗമായി. അങ്ങനെ നീലേശ്വരത്ത് വച്ച് ഐ.എസ്.ഒ സമ്മേളനത്തിൽ പ്രസംഗിച്ചിറങ്ങവേ സി.എം.എസിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു.

ഭാഷാദ്ധ്യാപക വിദ്യാർത്ഥിക്കൾ പഠിക്കുന്ന കാവ്യ ശാസ്ത്ര ഗ്രന്ഥങ്ങളും സിലബസും എടുത്തു വിശദീകരിച്ചു കൊണ്ടാണ് മലയാളം വിദ്വാൻ കോഴ്സ് നിലനിർത്താൻ സി .എം.എസ് അന്ന് പോരടിച്ചത്. സ്വതന്ത്ര കേരളത്തിൽ മലയാള ഭാഷയ്ക്കു വേണ്ടി നടത്തിയ പ്രക്ഷോഭ സമരം പക്ഷേ വിമോചന സമരത്തിന്റെ തീച്ചൂളയിൽ പിന്നീട് വിസ്മരിക്കപ്പെട്ടു-

ഡോ. സഞ്ജീവൻ അഴീക്കോട്, ചന്തേര സ്മാരക ഗവേഷണ പീഠം അഴീക്കോട്

Advertisement
Advertisement