ആരോഗ്യരംഗത്ത് ഉന്നത നിലവാരം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി രാജൻ

Sunday 31 October 2021 10:36 PM IST

ഒല്ലൂർ: സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന നിലയിൽ സൗജന്യ ചികിത്സ സാധാരണക്കാർക്ക് ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഒല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഭൂപരിഷ്‌കരണത്തിലും കേരള മോഡൽ ലോകത്തിന് മുമ്പിൽ സമർപ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. ആരോഗ്യരംഗത്ത് ചെലവഴിക്കുന്ന ഒരു രൂപ പോലും നഷ്ടമായി സർക്കാർ കരുതുന്നില്ലെന്നും മറിച്ച് രാജ്യപുരോഗതിക്കായി മാത്രമേ കാണുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. തുടർന്ന് കിഫ് ബി ഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മേയർ എം. കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.പി.സി അംഗങ്ങളായ വർഗീസ് കണ്ടംകുത്തി, സി. പി പോളി, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർമാരായ ലിംന മനോജ്, കരോളിൻ, ശ്യാമള വേണുഗോപാൽ, ശ്രീതു, പി.എച്ച്.സി ഡോക്ടർ ബിന്ദു എന്നിവർ സംസാരിച്ചു.