സ്കൂൾതുറപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി, ഇന്ന് ഫസ്റ്റ് ബെൽ മുഴങ്ങും

Monday 01 November 2021 12:00 AM IST

നെടുമങ്ങാട്: ഒന്നര വർഷത്തെ അടച്ചിരിപ്പിനും ഓൺലൈൻ പഠനത്തിനുമൊടുവിൽ വിദ്യാലയങ്ങളിൽ ഇന്ന് ഫസ്റ്റ് ബെൽ മുഴങ്ങും. കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. ആഴ്ചകളായി ധൃതഗതിയിൽ നടന്നുവന്ന സ്കൂൾ കെട്ടിടങ്ങളുടെ നവീകരണവും ക്ലാസ് മുറിയും പരിസരവും ശുചീകരണവും അന്തിമഘട്ടത്തിലാണ്. ഇരിപ്പിടങ്ങളും മേശകളും വർണങ്ങൾ തേച്ച് പുതുക്കി. പൂച്ചെടികളും വർണക്കടലാസുകളും തൂക്കി വിദ്യാലയാങ്കണങ്ങൾ ആകർഷകമാക്കി. സംസ്ഥാന സർക്കാരിന്റെ താലോലം പദ്ധതി പ്രകാരം വിദ്യാലയ ചുമരുകൾ കൗതുക ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. കൊവിഡിനെ തുടർന്ന് അനിശ്ചിതത്വത്തിലായ ചിത്രരചനാ കലാകാരന്മാരുടെ ഉയിർത്തെഴുന്നേല്പിന് ഒരുപരിധി വരെ സ്കൂൾ തുറപ്പ് വഴിയൊരുക്കിയിട്ടുണ്ട്. ദിവസങ്ങളായി നടന്നുവരുന്ന ശുചീകരണ ദൗത്യത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും സജീവമാണ്. പ്രവേശനോത്സവത്തിന്റെ ആവേശത്തിലാണ് നാട്ടുകാരും അദ്ധ്യാപകരും രക്ഷകർത്താക്കളും. ജില്ലയുടെ മലയോര മേഖലയിൽ നെടുമങ്ങാട്, കാട്ടാക്കട, പാലോട് വിദ്യാഭ്യാസ ഉപജില്ലകളിലായി മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പത്താംക്ലാസ് വരെ വിവിധ ക്ലാസുകളിൽ എത്തുന്നത്. കുട്ടികളെ വിടാനുള്ള സമ്മതപത്രം ഒട്ടുമിക്ക രക്ഷിതാക്കളും നല്കിയിട്ടില്ലെങ്കിലും പകുതിപ്പേരെങ്കിലും ക്ലാസ് മുറികളിൽ എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എ.ഇ.ഒമാരുടെയും ബി.പി.ഒമാരുടെയും നേതൃത്വത്തിൽ ജീവനക്കാർ വിദ്യാലയങ്ങൾ സന്ദർശിച്ച് പശ്ചാത്തല സൗകര്യങ്ങളും സ്കൂൾ നവീകരണ പ്രവർത്തനങ്ങളും വിലയിരുത്തി. അദ്ധ്യാപക ഒഴിവ് നികത്തുന്നത് വരെ പാഠഭാഗങ്ങളിലേയ്ക്ക് കടക്കേണ്ടതില്ലെന്ന നിർദേശമാണ് പ്രഥമാദ്ധ്യാപകർക്ക് ലഭിച്ചിട്ടുള്ളത്. പാട്ടും കഥയും നൃത്തവുമായി കൂടുതൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനുള്ള പരിശ്രമമാണ് ആദ്യഘട്ടത്തിൽ നടത്തുക. നൂറിലേറെ ഹൈസ്കൂൾ അദ്ധ്യാപകരുടെയും നാനൂറോളം പ്രൈമറി അദ്ധ്യാപകരുടെയും ഒഴിവുകളാണ് അടിയന്തരമായി നികത്താനുള്ളത്. ഒഴിവുനികത്തൽ നടപടികൾ ആദ്യആഴ്ചയിൽ തന്നെ പൂർത്തിയാക്കുമെന്ന് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Advertisement
Advertisement