അഴകോടെ ആലപ്പുഴ; ഹ്രസ്വ ചിത്രം ഹിറ്റ്

Monday 01 November 2021 12:34 AM IST

ആലപ്പുഴ: നിർമ്മല ഭവനം നിർമ്മല നഗരം അഴകോടെ ആലപ്പുഴ ശുചിത്വ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങിയ ഹ്രസ്വ ചിത്രത്തിന് മികച്ച പ്രതികരണം. ആലപ്പുഴ സ്വദേശിയായ ചലച്ചിത്ര താരം ഉഷ ഹസീന, നാടക നടി രാജി ചേർത്തല എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അടുക്കള മാലിന്യ സംസ്കരണത്തെ കുറിച്ചും ബയോ ബിന്നിന്റെ ആവശ്യകതയെ കുറിച്ചും പ്രചരിപ്പിക്കുന്നതാണ് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം. സ്റ്റാർനെറ്ര് കേബിൾ വിഷൻ ചീഫായ സുധീർ കോയയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആലിശേരി സ്വദേശി സുരേഷിന്റെ വീട്ടിൽ ഒറ്റദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി. പ്രതിഫലം വാങ്ങാതെയാണ് അണിയറ പ്രവർത്തകർ സഹകരിച്ചത്. നഗരസഭാ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈന്റെ മനസിൽ ഉദിച്ച ആശയമാണ് ഹ്രസ്വ ചിത്രമായി പുറത്തിറങ്ങിയത്. ശരത്ത് രാജേന്ദ്രനാണ് കാമറ. എഡിറ്റിംഗ് നിഥിൻ. ചിത്രത്തിന്റെ സി.ഡി പ്രകാശനം ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ് അദ്ധ്യക്ഷയായി.