വെള്ളായണി കായൽ ശുചീകരണം തുടങ്ങി

Monday 01 November 2021 1:17 AM IST

വിഴിഞ്ഞം: വെള്ളായണി കായലിനെ വീണ്ടെടുക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ഇന്നലെ രാവിലെ 6ന് വവ്വാമൂല കടവിൻ മൂല ബണ്ടിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സാജൻ, വൈസ് പ്രസിഡന്റ് റാണി വത്സലൻ, വികസനകാര്യ ചെയർമാൻ ജി. സുരേന്ദ്രൻ, അജിതാ ശശിധരൻ, അഷ്ടപാലൻ, രതീഷ് തുടങ്ങിയവർ സംസാരിച്ചു. സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വൻ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കായലിലെ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യുന്നതുവരെ ദിവസവും രാവിലെ 6 മുതൽ ശുചീകരണം നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.