മണി മുഴങ്ങി; പ്രസന്റ് ടീച്ചർ

Tuesday 02 November 2021 12:00 AM IST

ആലപ്പുഴ: ആദ്യമായി സ്കൂളിന്റെ പടി കടന്നെത്തി ഒന്നും രണ്ടും ക്ലാസുകാർ. ഗൂഗിൾ മീറ്റിൽ കണ്ട മുഖങ്ങൾ നേരിൽ കാണാൻ സാധിച്ച സന്തോഷത്തിൽ മൂന്നാം ക്ലാസ് മുതലുള്ള സീനിയേഴ്സ്. കുഞ്ഞുമക്കളെ അടുത്തുകിട്ടിയ സന്തോഷത്തിൽ അദ്ധ്യാപകർ. മഴ മാറി നിന്ന പകലിൽ അവർ പ്രവേശനോത്സവം ഉത്സവമാക്കി.

കൂട്ടുകൂടാൻ ആവേശത്തോടെ അടുത്തവർ കൊവിഡ് പ്രതിരോധ പാഠങ്ങളോർത്ത് സ്വയം പിൻവാങ്ങി. പ്രതിരോധം മറന്നവർക്ക് അദ്ധ്യാപകർ മുന്നറിയിപ്പ് നൽകി. കൊവിഡ് പ്രതിരോധം ഉറപ്പാക്കിയാണ് 729 സ്‌കൂളുകളിലും 121 ഹയർ സെക്കൻഡറി സ്‌കൂളുകളിലും 20 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലും ഇന്നലെ ക്ലാസുകൾ ആരംഭിച്ചത്.

ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കുട്ടികളെ ക്ലാസുകളിലേക്ക് കടത്തിവിട്ടത്. സമ്മാനങ്ങളും പായസവും മിഠായിയുമൊക്കെ നൽകി അദ്ധ്യാപകർ ഓരോ കുട്ടിയെയും വരവേറ്റു. കേരളപ്പിറവി ദിനത്തിൽ ഏറെ അദ്ധ്യാപകരും വിദ്യാർത്ഥികളും കേരളീയ വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.

ജില്ലാതല പ്രവേശനോത്സവം അമ്പലപ്പുഴ കെ.കെ കുഞ്ചുപിള്ള സ്മാരക സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് വിപിൻ.സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റാണി തോമസ്, വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, ഗ്രാമ പഞ്ചായത്തംഗം കെ. മനോജ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ റോസ്, പ്രിൻസിപ്പൽ സൈനി ഹമീദ്, പ്രഥമാദ്ധ്യാപിക എൽ. അനുപമ, പി.ടി.എ പ്രസിഡന്റ് ബിന്ദു ബൈജു, എം.എസ്.സി ചെയർപേഴ്സൺ പി. ലിഷ തുടങ്ങിയവർ പങ്കെടുത്തു.

പുന്നപ്ര ഗവ. ജെ.ബി സ്‌കൂളിൽ നടന്ന ഉപജില്ലാതല പ്രവേശനോത്സവം ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. എം.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി ചെയർമാൻ ടി. പ്രശാന്ത് അദ്ധ്യക്ഷനായി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, സ്‌കൂൾ എച്ച്.എം മുഹമ്മദ് കബീർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല, ഉപജില്ലാ ഓഫീസർ കെ. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.

# ക്ലാസുകൾ രണ്ട് ബാച്ചുകളായി

# ഉച്ചഭക്ഷണം നൽകിത്തുടങ്ങി

# പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ സജ്ജം

# രണ്ടാഴ്ച ഹാജരെടുക്കില്ല

Advertisement
Advertisement