വെടിയേറ്റ പന്നിയുടെ ആക്രമണത്തിൽ വൃദ്ധന് ഗുരുതര പരിക്ക്

Monday 01 November 2021 10:47 PM IST
വെടിയേറ്റ പന്നി

വെള്ളരിക്കുണ്ട്(കാഞ്ഞങ്ങാട്) :ബളാൽ അത്തിക്കടവ് പൊടിപ്പളത്തെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ച പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്ന കെ.യു ജോണിന്(60) കുത്തേറ്റ് ഗുരുതരപരിക്ക് ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ 5.30 ബളാൽ പൊടിപ്പളത്തെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ എത്തിയ കാട്ടുപന്നി വീട്ടിലെ വളർത്തുനായയെ ആക്രമിക്കുകയായിരുന്നു.തുടർന്ന് ഷിജു പന്നിയെ വെടിവെക്കാൻ ഫോറസ്റ്റ് അനുമതിയും ലൈസൻസ് തോക്കുമുള്ള പാത്തിക്കരയിലെ കൊച്ചുമറ്റം ജോണിനെ വിളിച്ചു വരുത്തുകയായിരുന്നു. 5.30യോടെ എത്തിയ ജോയി പന്നിക്ക് നേരെ നിറയൊഴിച്ചു. രണ്ടാമത്തെ വെടിവെയ്ക്കാനുള്ള ശ്രമത്തിനിടെ പന്നി ജോയിയെ കുത്തി വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് ഓടികൂടിയ ആളുകൾ കല്ലെറിഞ്ഞും ബഹളംവച്ചുമാണ് പന്നിയെ അകറ്റിയത്. ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടൻ കാഞ്ഞങ്ങാട് ആശുപത്രിയിലേക്കും പിന്നീട് മംഗ്‌ളൂരുവിലും കൊണ്ടുപോയി. വെടിയേറ്റ പന്നി പൈങ്ങൊട്ട് ഷിജുവിന്റെ വീട്ടു പറമ്പിൽതന്നെ ചത്തുവീണു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പരപ്പ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി നടപടിക്രമങ്ങൾക്ക് ശേഷം പന്നിയെ കുഴിച്ചുമൂടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, ബീറ്റ് ഓഫീസർ ജിബിൻ ജി.എ, സുമേഷ് കുമാർ എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Advertisement
Advertisement