ബ്രാഞ്ച് , ലോക്കൽ പൂർത്തിയായി: സി.പി. എം ഇനി ഏരിയാ സമ്മേളനങ്ങളിലേക്ക്

Monday 01 November 2021 11:04 PM IST

കണ്ണൂർ: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലയിൽ സി.പി. എം ഏരിയാ സമ്മേളനങ്ങളിലേക്ക്. തളിപ്പറമ്പ് നോർത്ത്, പേരാവൂർ, കണ്ണൂർ വെസ്റ്റ് എന്നീ ലോക്കൽ സമ്മേളനങ്ങളിലെ ചില അസ്വാരസ്യങ്ങൾ തലവേദനയായെങ്കിലും മറ്റിടങ്ങളിലെ ഐക്യവും കെട്ടുറപ്പും നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്നു.

രണ്ടുദിവസം വീതമാണ് സമ്മേളനം .മാടായി, പേരാവൂർ എന്നിവിടങ്ങളിലാണ് ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കം. . 28നകം 18 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാകും. പാപ്പിനിശേരി സമ്മേളനം 10ന് കേന്ദ്ര കമ്മിറ്റി അംഗം ഇ. പി ജയരാജനും മയ്യിൽ സമ്മേളനം അന്നുതന്നെ സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസനും ഉദ്ഘാടനംചെയ്യും. 13ന് മട്ടന്നൂർ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ. കെ ശൈലജയും കണ്ണൂർ സമ്മേളനം ജില്ലാ സെക്രട്ടറി എം .വി ജയരാജനും പെരിങ്ങോം സമ്മേളനം പി .ജയരാജനും ശ്രീകണ്ഠപുരം എ .എൻ ഷംസീറും ഉദ്ഘാടനംചെയ്യും.കൂത്തുപറമ്പ് സമ്മേളനം 16, 17 തീയതികളിലാണ്.തലശേരി സമ്മേളനം 16ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. അഞ്ചരക്കണ്ടി സമ്മേളനം 20ന് ഇ .പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 20, 21ന് തീയതികളിലെ തളിപ്പറമ്പ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എം. വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ സമ്മേളനം22ന് എം .വി ജയരാജനും കരുവഞ്ചാൽ സമ്മേളനം 23ന് സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യുവും ഉദ്ഘാടനംചെയ്യും.

സജീവമായി കോടിയേരിയും
മകൻ ബിനീഷ് കോടിയേരി ജയിൽ മോചിതനായതോടെ സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പാർട്ടി സമ്മേളനങ്ങളിൽ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സി.പി. എം ഏരിയാ സമ്മേളനങ്ങളിൽ കോടിയേരി പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന്റെ സൂചന നേരത്തെ തന്നെ കോടിയേരി നൽകിയിരുന്നു.

ഇരിട്ടി സമ്മേളനം 23ന് എം വി ജയരാജനും പാനൂർ ടി വി രാജേഷും ഉദ്ഘാടനംചെയ്യും. .പിണറായി സമ്മേളനം 27ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും എടക്കാട് സമ്മേളനം എം .വി ജയരാജനും ഉദ്ഘാടനംചെയ്യും. .ഡിസംബർ 10 മുതൽ 12 വരെ മാടായി റൂറൽ ബാങ്ക് ഹാളിലാണ് ജില്ലാ സമ്മേളനം.ജില്ലയിൽ 225 ലോക്കലുകളാണ് നിലവിലുണ്ടായിരുന്നത്. ആറെണ്ണം വിഭജിച്ചതോടെ എണ്ണം 231 ആയി. ജില്ലാ കമ്മിറ്റിക്ക് കീഴിൽ 12 ലോക്കലുകൾ വേറെയുമുണ്ട്.



രാഷ്ട്രീ യമായും സംഘടനാപരമായും പാർടിയുടെ കെട്ടുറപ്പും മുന്നേറ്റവും വ്യക്തമാക്കുന്നതാണ് ലോക്കൽ സമ്മേളനങ്ങളിലെ ചർച്ചകളും തീരുമാനങ്ങളും. പാർടിയെ വളർച്ചയിലേക്ക് നയിക്കാൻ സഹായകരമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ചർച്ചകൾ. പ്രക്ഷോഭ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വികസന കാര്യങ്ങളിലും പ്രത്യേക ശ്രദ്ധയുണ്ടാകും- എം. വി ജയരാജൻ

Advertisement
Advertisement