മുല്ലപ്പെരിയാറും ചില സമാധാന ചിന്തകളും

Tuesday 02 November 2021 12:00 AM IST

മുല്ലപ്പെരിയാറിനെപ്പറ്റി ഓർക്കുമ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനത്തിന്റെ വെള്ളരിപ്രാവായി പറക്കുക പതിവാണ്. 'തേങ്ങ ഉടയ്ക്കൂ, സ്വാമീ ' എന്ന ഭാവത്തിൽ സമാധാനത്തിന് ഭംഗം വരുത്താൻ നില്‌ക്കുന്ന പ്രതിപക്ഷത്തെയാണ് അദ്ദേഹം മുന്നിൽക്കാണുന്നത്. കേരളക്കാരും തമിഴ്നാട്ടുകാരും സഹോദരങ്ങളായി ജീവിക്കേണ്ടവരാണെന്ന് അതിനാൽ അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. "അതിനുള്ളിലൊരു സ്പർദ്ധ വളർത്തരുത്. നാമാരും ഒരു വൃത്തത്തിനകത്ത് മാത്രം ജീവിക്കുന്നവരല്ല "- ധർമ്മസംസ്ഥാപനത്തിനായുള്ള സാരോപദേശം അദ്ദേഹം ഇപ്രകാരം പകർന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താത്‌പര്യങ്ങളിൽ സംസ്ഥാനസർക്കാർ വിട്ടുവീഴ്ച ചെയ്തെന്ന ഉറച്ച നിലപാടിലായിരുന്നു പക്ഷേ പ്രതിപക്ഷം. സാരോപദേശത്തിന് നിന്നുകൊടുക്കാൻ അവരൊരുക്കമല്ല. അതിനാലവർ ഇറങ്ങിപ്പോയി പ്രതിഷേധിച്ചു.

ഇടുക്കിയിലെ ജനം രണ്ട് ഭീഷണികൾക്ക് നടുവിലാണെന്ന് വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നല്‌കി സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. ഒന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഭീഷണി, രണ്ട് അതേപ്പറ്റി മിണ്ടിയാൽ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി.

മുൻകാലങ്ങളിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കാട്ടിയ യോജിപ്പ് ഇപ്പോൾ ഇല്ലാതാകുന്നോ എന്ന് രമേശ് ചെന്നിത്തലയെ കേട്ട മുഖ്യമന്ത്രിക്ക് തോന്നി. കോൺഗ്രസിന്റെ അഖിലേന്ത്യാ ചുമതലയൊക്കെ കിട്ടാൻ പോകുന്ന നേതാവാണ് വിഷയ അവതാരകനെന്ന് മുഖ്യമന്ത്രി കരുതുന്നു. അപ്പോൾ സംസ്ഥാനങ്ങളുടെയൊക്കെ ചുമതല വരുമല്ലോ. തമിഴ്നാടിന്റെ ചുമതല വന്നാൽ ഇങ്ങനെയൊക്കെ പറയുമോ എന്ന് നിഷ്കളങ്കമുനിയെപ്പോലെ മുഖ്യമന്ത്രി ചോദിച്ചു. അടക്കിപ്പിടിച്ച ചിരി അതിൽ അന്തർലീനമായിരുന്നതിനാൽ, ആ അഖിലേന്ത്യാ ചുമതലയെപ്പറ്റി പറഞ്ഞതിൽ അത്ര നിഷ്കളങ്കത ആരും കാണാനിടയില്ല!

മുഖ്യമന്ത്രിക്കുള്ള നോട്ടീസാണെങ്കിലും സാമാന്യം ദീർഘമായി ആദ്യം മറുപടി നല്‌കിയത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിനാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് സഭയുടെയാകെ സ്പിരിറ്റാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാടുമായി ഇപ്പോൾ ഒരു പ്രശ്നവുമില്ല. കേരളത്തെ അറിയിച്ചാണ് തമിഴ്നാട് ജലനിരപ്പ് കുറയ്ക്കുന്ന നടപടിയെടുക്കുന്നത് എന്നെല്ലാം അദ്ദേഹം വാചാലനായി. വെള്ളം തുറന്നുവിടാൻ ഉയർത്തിയ അണക്കെട്ടിന്റെ ഷട്ടർ അടയ്ക്കാനാവാതെ വിഷമിക്കുന്നത് പോലെ, തുടങ്ങിപ്പോയ പ്രസംഗം ഒരു കരയ്ക്കടുപ്പിക്കാൻ മന്ത്രി പാടുപെടുന്നത് പോലെ തോന്നി!

മുല്ലപ്പെരിയാറിൽ നല്ല യോജിപ്പോടെ നിൽക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സർവാത്മനാ ഉൾക്കൊണ്ടു. പക്ഷേ 2011ൽ ഉമ്മൻചാണ്ടി ഭരിക്കവേ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 120 അടിയായി കുറയ്ക്കാനാവശ്യപ്പെട്ട് ചങ്ങലസമരം തീർത്തവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം കണ്ടിട്ടുണ്ട്. "സംസ്ഥാനത്തിന്റെ പൊതുതാത്‌പര്യത്തിന് വിരുദ്ധമായി ഞങ്ങളൊന്നും പറയില്ല. പക്ഷേ 2011ൽ നിന്ന് 2021ലെത്തിയപ്പോൾ ഡാം പണിത സുർക്കി മിശ്രിതത്തിന് വല്ല രാസമാറ്റവും വന്ന് ഡാമിനെ ബലപ്പെടുത്തിയോ?"- അന്ന് സമരം ചെയ്ത മുഖ്യമന്ത്രിയിലെ രാസമാറ്റത്തെയോർത്ത് പ്രതിപക്ഷനേതാവ് സംശയിച്ചു.

ചുമട്ടുതൊഴിലാളി ഒറ്റയ്ക്കെടുക്കാവുന്ന ചുമടിന്റെ ഭാരം 75ൽ നിന്ന് 55കിലോയാക്കി ചുരുക്കുന്ന ഭേദഗതി ബില്ലടക്കം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് ബില്ലുകൾ സഭ ഇന്നലെ ചർച്ചചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്ലുകളവതരിപ്പിച്ചത് തൊഴിൽമന്ത്രി വി. ശിവൻകുട്ടിയാണ്. അഞ്ച് ബില്ലുകളുടെയൊക്കെ ഭാരം താങ്ങാൻ ശേഷിയുണ്ടോ മന്ത്രി ശിവൻകുട്ടിക്കെന്ന തോന്നൽ അദ്ദേഹത്തിന്റെ നില്പും നടപ്പുമൊക്കെ കണ്ടാൽ തോന്നിപ്പോകുമെങ്കിലും 'ഇതൊക്കെയെന്ത് 'എന്ന മട്ടിലായിരുന്നു മന്ത്രി. ഒരുപാട് സമയമെടുത്ത് ചർച്ച ചെയ്യേണ്ട ബില്ലുകളൊന്നുമല്ല ഇവയെന്ന് അദ്ദേഹം പറഞ്ഞു.

പത്ത് മിനിറ്റിൽ തീർത്താൽ വൈകിട്ട് ആറുമണിക്കുള്ള ഗവർണറുടെ പരിപാടിയും ഗംഭീരമാക്കാമെന്ന സ്പീക്കറുടെ ഓർമ്മപ്പെടുത്തലിനോട് അംഗങ്ങളെല്ലാം യോജിച്ചു. ആദ്യബില്ലിന് നിരാകരണപ്രമേയം അവതരിപ്പിച്ച് സംസാരിച്ച കെ. ബാബു, പതിനഞ്ച് മിനിറ്റിൽ സഡൻ ബ്രേക്കിട്ട് നിറുത്തി.

അഞ്ച് ബില്ലുകളും വനിതാ സാമാജികരെ ആദരിക്കൽ പരിപാടിയും ഒരുപോലെ വിജയിപ്പിക്കാൻ സ്പീക്കർക്കായെന്ന് പറയാം.

Advertisement
Advertisement