സി.ഒ.പി 26 ഉച്ചകോടി: പ്രകൃതിക്ക് വേണ്ടി ഉണർന്ന് പ്രവർത്തിക്കണമെന്ന് യു.എൻ

Tuesday 02 November 2021 1:58 AM IST

വാഷിംഗ്ടൺ : പ്രകൃതിക്ക് മേലുള്ള കടന്നുകയറ്റത്തിലൂടെ മനുഷ്യൻ സ്വന്തം ശവക്കുഴി തോണ്ടുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ്. ഗ്ലാസ്‌ഗോയിൽ സി.ഒ.പി 26 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം മനുഷ്യ രാശിയെ നാശത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും കാർബൺ വാതകങ്ങളുടെ പുറന്തള്ളൽ പരാവധി കുറയ്ക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോടാവശ്യപ്പെട്ടു.
അതേ സമയം ആഗോളതാപനത്തിനെതിരെ വേഗത്തിലുള്ളതും അനുയോജ്യമായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യു.എസ് ഭരണകൂടം കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ വിശദീകരിച്ച അദ്ദേഹം പുതിയ കാലാവസ്ഥാ സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

കാലാവസ്ഥാ പ്രതിസന്ധി തടയാൻ ആവശ്യമായ നടപടികളെ ലോക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി കാണണമെന്ന് ജോ ബൈഡൻ കൂട്ടിച്ചേർത്തു.

അതേ സമയം കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ പരാജയപ്പെടുന്നത് തങ്ങളെപ്പോലുള്ള ദ്വീപ് രാഷ്ട്രങ്ങളിലെ ആളുകൾക്ക് 'വധശിക്ഷ' ആയിരിക്കുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി പറഞ്ഞു.

കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിനുള്ള അവസാന സാദ്ധ്യതയായി വിശേഷിപ്പിക്കപ്പെടുന്ന സി.ഒ.പി 26 സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 2015 ലെ പാരിസ് ഉടമ്പടി അനുസരിച്ച് ആഗോള താപനില 1.5 ഡിഗ്രിയിലോ അതിലും താഴെയോ നിയന്ത്രിച്ചു നിറുത്തണം എന്ന വെല്ലുവിളി മറികടക്കുന്നതിനെ കുറിച്ചാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക. പ്പോൾ 1.16 ഡിഗ്രിയിൽ എത്തിയ ആഗോള താപനില 2 ഡിഗ്രിയ്ക്ക് മുകളിലേക്ക് പോയാൽ അത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകും. 2050 ആകുമ്പോൾ 'നെറ്റ് സീറോ എമിഷൻ' എന്ന ലക്ഷ്യവും പരിഗണനയിലുണ്ട്. അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്ന മുഖ്യ വാതകമായ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിന്റെയും അന്തരീക്ഷത്തിൽ നിന്ന് മാറ്റുന്നതിന്റെയും തോത് തുല്യമാക്കുക എന്നതാണ് നെറ്റ് സീറോ എന്നത് കൊണ്ടുദ്ദേശിക്കുന്നത്.

അതേ സമയം ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനത്തെ കൂടാതെ അഫ്ഗാൻ വിഷയം, തീവ്രവാദം,കൊവിഡാനന്തര ആഗോള സാമ്പത്തികം,​ തീവ്രവാദം എന്നീ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

Advertisement
Advertisement