കേരളത്തിലേക്ക് പറന്ന് ചെങ്കൽ തുമ്പികളും

Wednesday 03 November 2021 12:06 AM IST

കണ്ണൂർ: പശ്ചിമഘട്ടത്തിൽ 207 ഇനം തുമ്പികളുണ്ടെന്ന് അന്താരാഷ്ട്ര ജേർണലായ എന്റമോണിന്റെ ഏറ്റവും പുതിയ ലക്കത്തിൽ സ്ഥിരീകരണം. കണ്ണൂർ സ്വദേശികൾ ഉൾപ്പെടെയുള്ളവർ നടത്തിയ ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ, സമീപകാലത്ത് കണ്ടെന്ന് അവകാശപ്പെടുന്ന ചെങ്കൽത്തുമ്പിയുടെ സാന്നിദ്ധ്യം സംബന്ധിച്ച് സ്ഥിരീകരണം വേണമെന്നും പ്രബന്ധത്തിലുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗം ഗവേഷകനും പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനും തളിപ്പറമ്പ് സ്വദേശിയുമായ വിനയൻ പി. നായർ, ഡോ. കലേഷ് സദാശിവൻ, ഡോ. എബ്രഹാം സാമുവൽ, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫർ പാലോട്ട് എന്നിവർ കഴിഞ്ഞ പത്തുവർഷത്തിലേറെയായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. ഇതനുസരിച്ച് പശ്ചിമഘട്ടത്തിൽ 80 തദ്ദേശീയ വർഗങ്ങളും അതിൽ 68 എണ്ണം കേരളത്തിലുമാണ്.

കേരളത്തിൽ 181 ഇനം

കേരളത്തിൽ ആകെ 181 ഇനം തുമ്പികളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പരേതനായ സി.ജി. കിരണും ഡേവിഡ് രാജുവും 2013 ൽ പുറത്തിറക്കിയ കേരളത്തിലെ തുമ്പികൾ എന്ന പുസ്തകത്തിൽ കേരളത്തിലെ 154 ഇനങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം കേരളത്തിലെ തുമ്പികളെ കുറിച്ച് പുറത്തിറങ്ങുന്ന ഏറ്റവും ആധികാരികമായ പഠനമാണ് ഇത്. 74 ഇനം സൂചിത്തുമ്പികൾ 107 ഇനം കല്ലൻ തുമ്പികൾ എന്നിവയാണ് പ്രധാനപ്പെട്ടവ. അവയുടെ വിതരണം, വർഗീകരണം തുടങ്ങിയ വിശദമായ പഠനമാണിത്.

ഇവർ പുതിയവർ
കാട്ടു ചോലത്തുമ്പി, വരയൻ നീർതെയ്യൻ, മലയൻ താമരത്തുമ്പി, മഞ്ഞ ചതുപ്പൻ, ചെറുനീലി, കാട്ടുനിഴൽതുമ്പി, പച്ചനിഴൽത്തുമ്പി

Advertisement
Advertisement