മുങ്ങിക്കപ്പൽ രഹസ്യം ചോർത്തൽ: ആറ് പേർക്കെതിരെ കുറ്റപത്രം

Wednesday 03 November 2021 12:00 AM IST

ന്യൂഡൽഹി: നാവികസേനയുടെ കിലോ ക്ളാസ് അന്തർവാഹിനി ആധുനികവത്കരണ പദ്ധതിയുടെ രഹസ്യങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ രണ്ട് നാവിക കമാൻഡർമാർ അടക്കം ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അഴിമതി നിരോധന നിരോധന പ്രകാരമാണ് കുറ്റപത്രം തയാറാക്കിയത്.

വിദേശ കമ്പനികളിൽ ജോലി ചെയ്യുന്ന മുൻ നേവി കമാൻഡർമാരായ രൺദീപ് സിംഗ്, എസ്.ജെ. സിംഗ് എന്നിവരെ സെപ്തംബർ മൂന്നിന് സി.ബി.ഐ അറസ്റ്റ് ചെയ്‌തതോടെയാണ് സംഭവം പുറത്തറിയുന്നത്. രൺദീപ് സിംഗിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടു കോടി രൂപ പിടിച്ചെടുത്തിരുന്നു.

ഇന്ത്യൻ നേവിയുമായി ബന്ധപ്പെട്ട പദ്ധതികളിൽ താത്പര്യമുള്ള കൊറിയൻ കമ്പനിയിലാണ് എസ്.ജെ. സിംഗ് ജോലി ചെയ്‌തിരുന്നത്. മുങ്ങിക്കപ്പൽ വിവരങ്ങൾ ഇവർക്ക് നൽകിയ വെസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് കമാൻഡർമാരും പിന്നീട് സി.ബി.ഐയുടെ വലയിലായി. ഒരു റിയർ അഡ്മിറൽ അടക്കം 12ഒാളം പേരെ സി.ബി.ഐ ചോദ്യം ചെയ്‌തു. അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് കുറ്റപത്രം സമർപ്പിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ എഫ്.ഐ.ആർ വിവരങ്ങൾ സി.ബി.ഐ പുറത്തുവിട്ടിട്ടില്ല.

പഴയ സോവിയറ്റ് യൂണിയൻ സോവിയറ്റ് നേവിക്ക് വേണ്ടി രൂപകല്പന ചെയ്ത് നിർമ്മിച്ച കിലോ ക്ലാസ് അന്തർവാഹിനിയുടെ ആധുനികവത്കരണ വിവരങ്ങൾ പ്രതിഫലം വാങ്ങി പുറത്തുള്ളവർക്ക് നൽകിയെന്നാണ് കുറ്റം.

Advertisement
Advertisement