ബംഗാളിൽ തൃണമൂൽ, അസാമിൽ ബി.ജെ.പി, ഹിമാചൽ, രാജസ്ഥാൻ കോൺഗ്രസിന് നേട്ടം

Wednesday 03 November 2021 12:00 AM IST

ബംഗാളിൽ മൂന്നിടത്ത് ബി.ജെ.പിക്ക് കെട്ടിവച്ച കാശുപോയി

ഗുവാഹത്തി: പതിമ്മൂന്ന് സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ, ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനും ബംഗാളിൽ തൃണമൂലിനും നേട്ടം. ബംഗാളിൽ ബി.ജെ.പിയെ തകർത്ത്, നാല് സീറ്റിലും തൃണമൂൽ വിജയിച്ചു. മൂന്നിടത്ത് ബി.ജെ.പിക്ക് കെട്ടിവച്ച കാശുപോയി.

ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ലോക്സഭാ സീറ്റുകളിൽ രണ്ടിലും ബി. ജെ. പി പരാജയപ്പെട്ടു.

ബംഗാളിൽ മമത

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളായ ദിൻഹതയും, ശാന്തിപ്പൂരും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തു.

ഹിമാചലിൽ കോൺഗ്രസിന് അട്ടിമറി ജയം

ബി.ജെ.പിയുടെ ഒരു സിറ്റിംഗ് സീറ്റടക്കം മൂന്നു നിയമസഭാ സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു.

മണ്ഡി ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗ് വിജയിച്ചു.

അസാം

അസാമിൽ അഞ്ച് സീറ്റിലും എൻ.ഡി.എ ജയിച്ചു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ ഭബാനിപ്പൂർ, മരിയാന, തൗറ എന്നിവ ബി.ജെ.പി പിടിച്ചെടുത്തു. സഖ്യകക്ഷിയായ യു.പി.പി.എൽ രണ്ട് സീറ്റിൽ.

മിസോറം, മേഘാലയ

മിസോറമിൽ എൻ.ഡി.എ ജയിച്ചു. മേഘാലയയിൽ മൂന്ന് സീറ്റിൽ ഭരണകക്ഷിയും എൻ.ഡി.എ ഘടകകക്ഷിയുമായ എൻ.പി.പി കോൺഗ്രസിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു. ഒന്നിൽ എൻ.ഡി.എ ഘടകകക്ഷിയായ യു.ഡി.പിക്ക് ജയം

ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടി

ഇല്ലെനാബാദ് സീറ്റിൽ ഐ.എൻ.എൽ.ഡി നേതാവ് അഭയ് സിംഗ് ചൗട്ടാല വിജയിച്ചു. കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് ചൗട്ടാല എം.എൽ.എ സ്ഥാനം രാജിവച്ചിരുന്നു.

ബീഹാർ
കനത്ത പോരാട്ടത്തിൽ ഭരണകക്ഷിയായ ജെ.ഡി.യു രണ്ട് സിറ്റിംഗ് സീറ്റുകളും നിലനിറുത്തി.

 കർണാടക

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ഹംഗൽ കോൺഗ്രസ് പിടിച്ചെടുത്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജന്മദേശമായ ഹവേരി ജില്ലയടങ്ങിയ മണ്ഡലമാണിത്. ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റായിരുന്ന സിന്ദ്ഗിയിൽ ബി.ജെ.പി ജയിച്ചു.

രാജസ്ഥാൻ

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ധരിവാദ് അടക്കം രണ്ട് സീറ്റും കോൺഗ്രസ് നേടി.

 മഹാരാഷ്ട്രയിലെ ദെഗ്‌ലൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചു.

 ആന്ധ്രപ്രദേശിലെ ബദ്‌വേൽ മണ്ഡലത്തിൽ വൈ.എസ്.ആർ കോൺഗ്രസ് ജയിച്ചു.


തെലങ്കാനയിൽ ടി.ആർ.എസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിലെത്തിയ മുൻ മന്ത്രി എടാല രാജേന്ദർ മുന്നിലാണ്.


 ദാദ്രാനഗർ ഹവേലി ലോക്‌സഭാ സീറ്റിൽ ശിവസേനയുടെ കലാബായ് മോഹൻ ദേൽക്കർ 51,269 വോട്ടിന് ജയിച്ചു. മഹാരാഷ്ട്രയ്ക്ക് പുറത്ത് ശിവസേനയുടെ ആദ്യ ലോക്‌സഭാ ജയമാണിത്. ബി.ജെ.പി 66,766 വോട്ട് നേടി.

മദ്ധ്യപ്രദേശിലെ ഖന്ദ്വ ലോക്‌സഭാ സീറ്റ് ബി. ജെ. പി നേടി

Advertisement
Advertisement