പഠിക്കാം, കൃഷി സ്കൂളിൽ

Tuesday 02 November 2021 10:28 PM IST

തൃശൂർ: കൃഷി ലാഭകരമാക്കാൻ ഫാം ബിസിനസ് സ്‌കൂളിലെ ഓൺലൈൻ പരിശീലന പരിപാടിയുമായി കാർഷിക സർവകലാശാല. കൃഷി അനുബന്ധ മേഖലകളിലെ 20 സംരംഭകർക്കാണ് മൂന്നാമത്തെ ബാച്ചിൽ പ്രവേശനം. സർവകലാശാലാ വിജ്ഞാന വ്യാപന ഡയറക്ടറേറ്റ്, സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കോ ഓപറേഷൻ, ബാങ്കിംഗ് ആൻഡ് മാനേജ്‌മെന്റ് കോളേജ്, ഹോർട്ടിക്കൾച്ചർ കോളേജ്, എ.ടി.ഐ.സി എന്നിവയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ഫാം ബിസിനസ് സ്‌കൂൾ

ഫാം ബിസിനസ് സ്‌കൂൾ കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധവും സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവും നൽകും. പുതിയ ആശയങ്ങൾ വികസിപ്പിക്കാനും പ്രൊജക്ടുകൾ തയ്യാറാക്കാനും പണം, മനുഷ്യവിഭവം എന്നിവ നന്നായി പ്രയോജനപ്പെടുത്താനും പഠിപ്പിക്കും.
സംരംഭകത്വ ആസൂത്രണം, നിർവഹണം, സാങ്കേതിക വിദ്യ, വിപണന തന്ത്രം എന്നിവയിലാണ് പരിശീലനം. ഉപഭോക്താവിന്റെയും വിപണിയുടെയും ആവശ്യം തിരിച്ചറിഞ്ഞാണ് കൃഷി ചെയ്യേണ്ടത്. അതിന് യോജിച്ച ഉൽപാദന രീതികൾ സ്വീകരിക്കണമെങ്കിൽ ബിസിനസിന്റെ പാഠങ്ങൾ അറിഞ്ഞിരിക്കണം. ഉൽപാദനം മുതൽ വിപണനം വരെ ഗുണനിലവാരം ഉറപ്പാക്കണം. ഉപഭോക്താവിന്റെ അഭിരുചികൾ തിരിച്ചറിയണം. വിപണനത്തിൽ കരുതലോടെ ഇടപെടുകയും വേണമെന്ന് വിദഗ്ദ്ധർ പറയുന്നു.

പാഠ്യവിഷയങ്ങൾ

കൃഷി ലാഭകരമാക്കാനുള്ള ആധുനിക മാനേജ്‌മെന്റ് സങ്കേതങ്ങൾ.
വൈവിദ്ധ്യമുള്ള ഉൽപന്നങ്ങളുണ്ടാക്കാൻ പരിശീലനം.
ഉൽപന്നങ്ങളുടെ മൂല്യവർദ്ധനാ സാദ്ധ്യതകൾ.
വിജയിച്ച കർഷകരുടെ അനുഭവ പാഠങ്ങൾ, ആസൂത്രണ, വിപണന, കൃഷിരീതി.
സംരംഭത്തിന് ലൈസൻസ് ഉൾപ്പെടെ ലഭിക്കേണ്ട അനുമതി വിവരങ്ങൾ.
പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടാനും വാങ്ങാനും അവസരം.

ക്‌ളാസ്

ആറ് ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടിയും രണ്ട് ദിവസത്തെ പ്രാക്ടിക്കൽ ക്ലാസുമുണ്ടാകും. 22ന് തുടങ്ങും. സമയം 10 മുതൽ നാല് വരെ. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർസെക്കൻഡറി. ഫീസ് : 2,500. അവസാന തിയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.kau.in / www.cti.kau.in ഫോൺ : 0487 2371104.

Advertisement
Advertisement