ഉച്ചകോടികളും ഇന്ത്യയും

Wednesday 03 November 2021 1:00 AM IST

റോമിൽ അവസാനിച്ച ജി 20 ഉച്ചകോടിക്ക് പിന്നാലെ ഗ്ളാസ്‌ഗോയിൽ സി.ഒ.പി 26 ഉച്ചകോടി തുടങ്ങിയിരിക്കുകയാണ്. രണ്ടുവർഷത്തോളം ലോകനേതാക്കൾ ഒരേ വേദിയിൽ നേരിട്ട് വരുന്നത് കൊവിഡ് തടഞ്ഞിരുന്നു. കൊവിഡാനന്തരകാലം എന്ന് പറയാറായിട്ടില്ലെങ്കിലും അതിന്റെ രൂക്ഷത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രതീക്ഷിക്കാവുന്ന കാലം സമാഗതമാവുകയാണ്. ഈ സന്ദർഭത്തിൽ ലോകനേതാക്കൾ ഒരേ വേദിയിൽ വരുന്നത് ലോകജനത പ്രത്യേകിച്ചും സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്ന അവികസിത രാജ്യങ്ങളിലെ ജനങ്ങൾ പ്രതീക്ഷയോടെ ആ സമ്മേളനങ്ങൾ ഉറ്റുനോക്കും. എന്നാൽ റോമിലെ ഉച്ചകോടി കൊവിഡാനന്തര സഹായം പ്രദാനം ചെയ്യേണ്ടത് അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയെങ്കിലും പ്രായോഗിക പരിഹാരങ്ങളിൽ സമവായമില്ലാതെയാണ് പിരിഞ്ഞത്. വാക്സിനേഷൻ ഇനിയും വേണ്ടത്ര രീതിയിൽ പുരോഗമിക്കാത്ത രാജ്യങ്ങളെ സഹായിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും പ്രതിജ്ഞാബദ്ധതയും ഇതുവരെ ചെയ്ത കാര്യങ്ങൾ വിവരിച്ചുകൊണ്ട് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ സമ്മേളനത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞു. ലോക ജനതയുടെ 40 ശതമാനത്തിനെങ്കിലും 2021 അവസാനത്തോടെ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. ഇത് സമ്പന്ന രാജ്യങ്ങളുടെ സഹായമില്ലാതെ സാദ്ധ്യമാകില്ല. വികസിത രാജ്യങ്ങളിലെ വാക്സിൻ ഉത്‌പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ ഇത് നടപ്പാക്കണമെന്ന് ഉച്ചകോടി തീരുമാനിച്ചെങ്കിലും അതിനു വേണ്ടുന്ന സമയബന്ധിതമായ പ്രായോഗിക മാർഗങ്ങളൊന്നും മുന്നോട്ട് വയ്ക്കാനായിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന കാർബൺ നിർഗമനം മൂലമുള്ള ആഗോളതാപനത്തിന്റെ തോത് 1.5 ഡിഗ്രി സെൽഷ്യസിൽ എത്തിക്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം പൊതുവെ എല്ലാവരെയും കൊണ്ട് അംഗീകരിപ്പിക്കാനായത് നേട്ടമായി. റോമിലെത്തിയ പ്രധാനമന്ത്രി മോദി മാർപാപ്പയെ സന്ദർശിച്ച് ഇന്ത്യയിലേക്ക് ക്ഷണിച്ചതും അദ്ദേഹം അടുത്ത വർഷം ഇന്ത്യാ സന്ദർശനത്തിന് സമ്മതിച്ചതുമായ വാർത്ത കേരളത്തിലെ പൊതുസമൂഹവും പ്രത്യേകിച്ച് ക്രൈസ്‌തവ വിഭാഗവും വളരെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ഇക്കാര്യങ്ങളൊഴിച്ചാൽ റോമിൽ നിന്ന് വലിയ പ്രതീക്ഷയുളവാക്കുന്ന മറ്റൊന്നും ഉണ്ടായി വന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റോം പ്രഖ്യാപനം അപര്യാപ്തമാണെന്നും ഗ്ളാസ്‌ഗോ കൂടി പരാജയപ്പെട്ടാൽ എല്ലാം തുലയുമെന്നും തുറന്നടിച്ചു. റോമിൽ എല്ലാം തുടങ്ങിയതേയുള്ളൂ എന്നാണ് ജി 20ന്റെ ആതിഥേയനായ ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ക്രിയാത്മക ലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടാണ് ഗ്ളാസ്‌ഗോയിലെ സി.ഒ.പി 26 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ആദ്യ പ്രസംഗം നടത്തിയത്. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള സാധാരണ രാജ്യങ്ങളുടെ ഹരിത പദ്ധതികൾക്ക് സമ്പന്ന രാജ്യങ്ങൾ അവരുടെ ജി.ഡി.പിയുടെ ഒരു ചെറിയ ശതമാനം മാറ്റിവയ്ക്കണമെന്ന നിർദ്ദേശവും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാഠങ്ങൾ വിദ്യാലയങ്ങളുടെ സിലബസിന്റെ ഭാഗമാക്കണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിനുള്ള അവസാന സാദ്ധ്യതയായി വിലയിരുത്തപ്പെടുന്ന 120 രാഷ്ട്രങ്ങൾ ഒത്തുചേരുന്ന ഗ്ളാസ്‌ഗോ ഉച്ചകോടി യാഥാർത്ഥ്യബോധത്തോടെ അവസരത്തിനൊത്ത് ഉയരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Advertisement
Advertisement