സമരക്കാർ ജയിച്ചു, തോറ്റത് യാത്രക്കാരും കെ.എസ്.ആർ.ടി.സിയും

Saturday 06 November 2021 12:00 AM IST

കോട്ടയം: ജീവനക്കാർ സംയുക്തമായി നടത്തിയ സമരം വിജയിച്ചപ്പോൾ യാത്രക്കാരെ മാത്രമല്ല, കെ.എസ്.ആർ.ടി.സിയെയും വലച്ചു. കൊവിഡിന് ശേഷം വരുമാനമായിത്തുടങ്ങിയ കെ.എസ്.ആർ.ടിസിക്ക് കനത്ത നഷ്ടമാണ് സമരത്തിലൂടെയുണ്ടായത്. ദീപാവലിയെ തുടർന്ന് നാട്ടിലെത്തിയ യാത്രക്കാർ തിരികെ മടങ്ങാതെ ബുദ്ധിമുട്ടി. ട്രെയിനും സ്വകാര്യ ബസുകളുമായിരുന്നു ഏക ആശ്രയം.

നാളുകൾക്ക് ശേഷമാണ് എല്ലാ യൂണിയനുകളും ജില്ലയിൽ ഒരുപോലെ സമരത്തിന്റെ ഭാഗമാകുന്നത്. മുൻപ് സമരം പ്രഖ്യാപിച്ചാലും ഭരണ പക്ഷ അനുകൂല യൂണിയൻ വിട്ടുനിന്ന് സർവീസ് നടത്താറുണ്ട്. വ്യാഴാഴ്ച അർദ്ധരാത്രി സമരം ആരംഭിച്ചതോടെ ദീർഘദൂര സർവീസുകളും സ്തംഭിച്ചു. എല്ലാ തൊഴിൽ സംഘടനകളും ഒറ്റക്കെട്ടായി നിന്നതോടെ ജില്ലയിൽ ഒരു ബസ് പോലും ഓടിയില്ല. കൊവിഡ് കുറഞ്ഞ് യാത്രക്കാർ കൂടുതലായി കെ.എസ്.ആർ.സിയെ ആശ്രയിച്ച് തുടങ്ങുമ്പോൾ നടത്തിയ സമരം ലക്ഷങ്ങളുടെ വരുമാനമാണ് ഇല്ലാതാക്കിയത്. നഷ്ടം തിട്ടപ്പെടുത്തുന്നതേയുള്ളൂ.

 ഡയസ്നോൺ ഏറ്റില്ല

സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സമരം ശക്തമായി. പലർക്കും ജോലി സ്ഥലത്ത് എത്തുന്നതിന് ബുദ്ധിമുട്ടായി. സമര പ്രഖ്യാപനം വന്നതോടെ റെയിൽവേ ടിക്കറ്റുകൾ വ്യാപകമായി മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടതുമൂലം ദീർഘദൂരയാത്രക്കാർക്ക് ജനറൽ കോച്ചിനെ ആശ്രയിക്കേണ്ടി വന്നു. കെ.എസ്.ആർ.ടി.സിയിലെത്തിയ യാത്രക്കാർ സ്വകാര്യ ബസിനെയാണ് ഒടുവിൽ ആശ്രയിച്ചത്. സ്റ്റാൻഡിലെ കച്ചവടക്കാരും ലോട്ടറി വിൽപ്പനക്കാരും ഉൾപ്പെടെയുള്ളവരും പണിമുടക്കിന് ഇരയായി.

Advertisement
Advertisement