കൈക്കൂലി ആരോപണം:സമീർ വാങ്ക്ഡെ പുറത്ത്, ആര്യൻ കേസന്വേഷണം സഞ്ജയ് സിംഗ് അന്വേഷിക്കും

Saturday 06 November 2021 12:00 AM IST

ന്യൂഡൽഹി: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന്,​ ആര്യൻഖാൻ പ്രതിയായ ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസ് അന്വേഷണത്തിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബയ് സോണൽ മേധാവി സമീർ വാങ്ക്‌ഡെയെ നീക്കി.

വാങ്ക്ഡെ അന്വേഷിച്ചുകൊണ്ടിരുന്ന ആര്യൻഖാൻ കേസ്,​ ബോളിവുഡ് താരം അർമാൻ കോഹ്‌ലി ഉൾപ്പെട്ട മയക്കുമരുന്ന് കേസ്,​ എൻ.സി.ബി. നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ ഉൾപ്പെട്ട നാർക്കോട്ടിക് കേസ് തുടങ്ങിയവ ഇനി ഡൽഹി എൻ.സി.ബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്വേഷിക്കും.എന്നാൽ ഇക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് വാങ്ക്ഡെ പ്രതികരിച്ചു.

ആര്യൻ കേസുമായി ബന്ധപ്പെട്ട് എട്ടുകോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വാങ്ക്‌ഡെ വിജിലൻസ് അന്വേഷണം നേരിടുകയാണ്. കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിലാണ് കേസ് ഒത്തുതീർപ്പാക്കാൻ 25 കോടിയുടെ ഇടപാടു നടന്നുവെന്നും അതിൽ എട്ടുകോടി വാങ്ക്ഡെയ്ക്കാണെന്നും സത്യവാങ് മൂലം നൽകിയത്. തുടർന്ന് കഴിഞ്ഞ ആഴ്ച വാങ്ക്‌ഡെയെ ഡൽഹി ആർ.കെ.പുരത്തെ എൻ.സി.ബി ആസ്ഥാനത്ത് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ബോളിവുഡ് താരങ്ങളെ സ്ഥിരമായി ഭീഷണിപ്പെടുത്തി വാങ്ക്‌ഡെ പണം തട്ടുമായിരുന്നുവെന്ന് ആരോപിക്കുന്ന കത്ത് വാങ്ക്‌ഡെയ്‌ക്കൊപ്പം ജോലി ചെയ്യുന്ന എൻ.സി.ബി ഉദ്യോഗസ്ഥൻ പുറത്ത് വിട്ടിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാങ്ക്‌ഡെ യു.പി.എസ്.സി പരീക്ഷയിൽ സംവരണം ലഭിക്കാൻ രേഖകളിൽ പട്ടികജാതി എന്നാക്കി മാറ്റിയെന്നും ആരോപണം ഉയർന്നിരുന്നു.

ആര്യൻ ഖാന്റേത് ഉൾപ്പെടെ അഞ്ച് കേസുകളിൽ നിന്ന് സമീർ വാങ്ക്ഡെയെ നീക്കിയിരിക്കുന്നു. 26 കേസുകളിൽ കൂടി അന്വേഷണം നടത്തേണ്ടതുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. ഈ സംവിധാനത്തെ ശുദ്ധീകരിക്കാൻ ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്. ഞങ്ങൾ അത് ചെയ്യും.

-നവാബ് മാലിക്

മഹാരാഷ്ട്ര മന്ത്രി,എൻ.സി.പി നേതാവ്

സമീർ വാങ്ക്‌ഡെ

  • മഹാരാഷ്ട്രയിലെ വാഷിം സ്വദേശിയായ 2008 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥൻ.
  • പഠിച്ചതും വളർന്നതും മുംബയിൽ.
  • 2006ൽ ഇന്റലിജൻസ് ബ്യൂറോയിലൂടെ ഔദ്യോഗിക ജീവിതം.
  • ശേഷം ഒഡിഷ കേഡറിൽ നിന്ന് ഐ.ആർ.എസിൽ
  • 2011ൽ മുംബയ് വിമാനത്താവളത്തിൽ കസ്റ്റംസ് അസി.കമ്മിഷണറായിരിക്കെ 35ശതമാനം നികുതി അടയ്ക്കാത്തതിന് ക്രിക്കറ്റ് ലോകകപ്പിനുള്ള സ്വർണക്കപ്പ് പിടിച്ചുവച്ചു.
  • 2011 മുതൽ ബോളിവുഡ് താരങ്ങളുടെ നികുതി തട്ടിപ്പ്, മയക്കുമരുന്ന് ഉപയോഗം എന്നിവ അന്വേഷിച്ച് വാർത്തകളിൽ.
  • 2016ൽ ആദ്യഭാര്യ ശബ്ന ഖുറേഷിയുമായുള്ള ബന്ധം വേർപെടുത്തി .
  • 2017ൽ മറാഠി നടി ക്രാന്തി രേദ്കറുമായി രണ്ടാം വിവാഹം. ഇരട്ടപെൺകുട്ടികൾ മക്കൾ.
  • 2020 ആഗസ്റ്റ് മുതൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ.
  • ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ദുരൂഹമരണവും സിനിമാ ലോകത്തെ മയക്കുമരുന്ന് ബന്ധവും അന്വേഷിച്ച് വാർത്തകളിൽ. ദീപികാ പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവരെ ചോദ്യം ചെയ്തു.
  • കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്‌കാരം.