ദേശീയപാതയിലെ കുരുക്കഴിയും

Saturday 06 November 2021 12:02 AM IST
ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥലങ്ങൾ കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു

റോഡിൽ റിഫ്ളക്ടിംഗ് ലൈറ്റുകൾ,​ സുരക്ഷ ബോർഡുകൾ

കളരിവാതുക്കൽ റോഡ് വൺവേയാക്കും

ഓർക്കിഡ് - രാജാസ് ഹൈസ്‌കൂൾ റോഡ് വീതി കൂട്ടി മെക്കാഡം

വളപട്ടണം പാലത്തിന് സമീപം (പഴയങ്ങാടി ഭാഗം)​ ട്രാഫിക് സർക്കിൾ

കണ്ണൂർ: തളിപ്പറമ്പ് - കണ്ണൂർ ദേശീയ പാതയിൽ മന്ന ജംഗ്ഷൻ മുതൽ പാപ്പിനിശേരി ചുങ്കം വരെ ആവശ്യമായ ഡിവൈഡറുകൾ സ്ഥാപിക്കാൻ തീരുമാനം. ദേശീയ പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കെ.വി. സുമേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും അനുവദിച്ച 27 ലക്ഷം രൂപ ചെലവിൽ ആവശ്യമായ ഡിവൈഡറുകൾ സ്ഥാപിക്കുമെന്ന് കെ.വി. സുമേഷ് അറിയിച്ചു.

വളപട്ടണം പാലത്തിലുള്ള ഗതാഗതക്കുരുക്കഴിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ്, കീരിയാട് ഭാഗങ്ങളിൽ നിന്നും കളരിവാതുക്കൽ വഴി അലവിലേക്ക് വാഹനങ്ങൾ കയറുന്നത് നിയന്ത്രിക്കും. ഇതുവഴിയുള്ള വാഹനങ്ങൾ ഹൈവേ ജംഗ്ഷൻ വഴി തിരിഞ്ഞു പോകണം.

വളപട്ടണം പാലത്തിന്റെ പഴയങ്ങാടി ഭാഗത്ത് ട്രാഫിക് സർക്കിൾ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കണ്ണൂർ പൊതുമരാമത്ത് ദേശീയ പാത വിഭാഗം തയ്യാറാക്കി സംസ്ഥാന ദേശീയ പാത അതോറിറ്റിക്ക് സമർപ്പിക്കും. ടോൾ ബൂത്ത് മുതൽ കളരിവാതുക്കൽ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിർദ്ദേശം നൽകി.

ഓർക്കിഡ് രാജാസ് ഹൈസ്‌കൂൾ പഞ്ചായത്ത് റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിനെ ചുമതലപ്പെടുത്തി. ദേശീയപാതയുടെ ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ് കർശനമായി നിയന്ത്രിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. മയ്യിൽ ഭാഗത്തേക്കു പോകുന്ന ബസുകളുടെ ഉടമകളുടെയും മയ്യിൽ റോഡിലെ കടയുടമകളുടെയും അടിയന്തര യോഗം ചേരാനും തീരുമാനിച്ചു. സിറ്റി റോഡിന്റെ ഭാഗമായുള്ള മന്ന ജംഗ്ഷൻ താഴെചൊവ്വ റോഡ് അലൈൻമെന്റ് വേഗത്തിൽ പൂർത്തിയാക്കാനും യോഗം നിർദ്ദേശം നൽകി. നിത്യം ഗതാഗത കുരുക്കുണ്ടാകുന്ന ടോൾ ബൂത്ത് ജംഗ്ഷൻ, വളപട്ടണം പാലം ജംഗ്ഷൻ, മന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

Advertisement
Advertisement