ബംഗാൾ മന്ത്രി സുബ്രത മുഖർജി അന്തരിച്ചു
Saturday 06 November 2021 12:20 AM IST
കൊൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ സുബ്രത മുഖർജി (75) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
നേരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ മുഖർജിയെ കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
കൊൽക്കത്ത മുൻ മേയർ കൂടിയായിരുന്ന മുഖർജി നാരദ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങി റിമാൻഡിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബലിഗഞ്ച് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എഴുപതുകളിൽ പശ്ചിമ ബംഗാളിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന മുഖർജി 2010ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്.
തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു വലിയ നഷ്ടമാണിതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അനുശോചിച്ചു.