സി.പി.എം സംസ്ഥാനകമ്മിറ്റി ഇന്നും നാളെയും

Saturday 06 November 2021 12:51 AM IST

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി സി.പി.എമ്മിന്റെ സംസ്ഥാനകമ്മിറ്റി യോഗം ഇന്നും നാളെയും ചേരും. പാർട്ടി കോൺഗ്രസിൽ അംഗീകരിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിൽ കോൺഗ്രസ് ബന്ധത്തെ ചൊല്ലി അവ്യക്തത തുടരുമ്പോൾ, സംസ്ഥാന കമ്മിറ്റിയിൽ നടക്കുന്ന ചർച്ച ഉറ്റുനോക്കപ്പെടുന്നുണ്ട്. കോൺഗ്രസുമായടക്കം തിരഞ്ഞെടുപ്പ് സഖ്യമാവാമെന്ന അടവുനയത്തിലേക്ക് കഴിഞ്ഞ പാർട്ടി കോൺഗ്രസ് എത്തിച്ചേർന്നിരുന്നു. ഇത്തവണയും ഇതേ വിഷയത്തിലാണ് കേരളഘടകം എതിർപ്പ് തുടരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ പരാതികൾ പരിശോധിച്ച എളമരം കരിമും കെ.ജെ.തോമസും അടങ്ങിയ സമിതിയുടെ അന്വേഷണ റിപ്പോർട്ട് സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്തേക്കും. ജി. സുധാകരൻ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്നാണ് സ്ഥലം എം.എൽ.എ അടക്കമുള്ളവർ നൽകിയ പരാതി. ഇരുഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് കമ്മിഷൻ കണ്ടെത്തിയതായാണ് സൂചന. സുധാകരനെതിരെ ചെറിയ നടപടിയുണ്ടായേക്കും. ഇന്ധന വില വർദ്ധന അടക്കമുള്ള സാഹചര്യങ്ങളും ചർച്ച ചെയ്യും.

Advertisement
Advertisement