ഇടതുമുന്നണിയിൽ ബോർഡ്, കോർപ്പറേഷൻ വിഭജനമായി
തിരുവനന്തപുരം: നീണ്ട ഉഭയകക്ഷി ചർച്ചകൾക്കൊടുവിൽ ഇടതുമുന്നണിയിൽ ബോർഡ്, കോർപ്പറേഷൻ വിഭജന പ്രക്രിയ പൂർത്തിയാക്കി. കേരള കോൺഗ്രസ്-എമ്മിന് ആറും ജനതാദൾ-എസ്, ലോക് താന്ത്രിക് ജനതാദൾ, എൻ.സി.പി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവയ്ക്ക് രണ്ട് വീതവും കോൺഗ്രസ്-എസ്, ഐ.എൻ.എൽ, കേരള കോൺഗ്രസ്-ബി എന്നിവയ്ക്ക് ഓരോ ചെയർമാൻ സ്ഥാനങ്ങളും ലഭിക്കും. സി.പി.ഐക്ക് 15 ചെയർമാൻ സ്ഥാനങ്ങളാണ്. നൂറ്റിയമ്പതോളം വരുന്ന സ്ഥാപനങ്ങളിൽ അവശേഷിച്ചവ സി.പി.എമ്മിന് ലഭിക്കും.
വിഭജനത്തിൽ ചെറുകക്ഷികളിൽ പലരും അതൃപ്തരാണ്. എന്നാൽ തത്കാലം ഉള്ളിലൊതുക്കാനാണ് തീരുമാനം. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്-സ്കറിയ തോമസ് വിഭാഗത്തിനും മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന ആർ.എസ്.പി-ലെനിനിസ്റ്റിനും ചെയർമാൻ സ്ഥാനങ്ങളില്ല.
വിവിധ സ്ഥാപനങ്ങളിൽ ഡയറക്ടർ സ്ഥാനങ്ങളും വിഭജിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിനും ജനതാദൾ-എസിനുമാണ് ചെറു കക്ഷികളിൽ കൂടുതൽ ഡയറക്ടർ സ്ഥാനങ്ങൾ ലഭിക്കുക. മറ്റുള്ളവയ്ക്ക് നാല് മുതൽ ആറ് വരെ സ്ഥാനങ്ങൾ ലഭിക്കും.
അതേസമയം, ജനതാദൾ-എസിന്റെ കൈയിലിരുന്ന സുപ്രധാന സ്ഥാപനമായ കേരള വനംവികസന കോർപ്പറേഷൻ ഇക്കുറി എൻ.സി.പിക്ക് നൽകി. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ കാലാകാലങ്ങളിൽ ഐ.എൻ.എല്ലിന് നൽകിപ്പോന്നത് ഇക്കുറി മാണിഗ്രൂപ്പിന് കൈമാറി. വ്യവസായ, തൊഴിൽ, സാംസ്കാരിക വകുപ്പുകളുടെ കീഴിലാണ് ഏറ്റവുമധികം സ്ഥാപനങ്ങളുള്ളത്. ഇവയിൽ ബഹുഭൂരിപക്ഷവും സി.പി.എമ്മിനാണ്.