ഇന്ധന നികുതി: ആവശ്യം തള്ളി ധനമന്ത്രി

Saturday 06 November 2021 12:15 AM IST

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർദ്ധനവിന്റെ ആഘാതം കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാനവും വില്പനനികുതി കുറയ്ക്കണമെന്ന ആവശ്യം ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ തള്ളി. കേന്ദ്രം തീരുവ കുറച്ചതിന് ആനുപാതികമായി സംസ്ഥാന വില്പന നികുതിയിലും നേരിയ കുറവുണ്ടാകും. അതിനുപുറമെ അധികമായി വില്പന നികുതി കുറയ്ക്കാനാവില്ല. കേന്ദ്രം തീരുവ കുറച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന് വേണമെങ്കിൽ വില്പന നികുതി കൂട്ടാം. അങ്ങനെ കൂട്ടിയ ചരിത്രം ഇവിടെയുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13തവണയാണ് ഇത്തരത്തിൽ വില്പന നികുതി കൂട്ടിയത്. ജനകീയ പ്രതിഷേധമുയർന്നപ്പോൾ മൂന്നുതവണ നേരിയ കുറവ് വരുത്തി.

എന്നാൽ ജനങ്ങളെ വഞ്ചിക്കുന്നതിനോടും, അവർക്ക് കിട്ടേണ്ട വിലക്കുറവ് നൽകാതെ സർക്കാർ വരുമാനം കൂട്ടുന്നതിനോടും ഇടതുമുന്നണിക്കും സർക്കാരിനും യോജിപ്പില്ല. ഇന്ധനവില കുറഞ്ഞാലും കൂടിയാലും സംസ്ഥാനത്തിന്റെ വില്പനനികുതി മാറാതെ നിൽക്കുന്ന സുതാര്യമായ നിലപാടാണ് ഇവിടെയുള്ളത്. കഴിഞ്ഞ ആറുവർഷത്തെ ഇടതുമുന്നണി ഭരണകാലത്ത് ഒരിക്കൽപ്പോലും പെട്രോൾ, ഡീസൽ വില്പന നികുതി കൂട്ടിയിട്ടില്ല. 2018ൽ ഒരു തവണ കുറയ്ക്കുകയാണുണ്ടായത്. ഇന്ധനനികുതിയുടെ കാര്യത്തിൽ കള്ളക്കളിയാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അതിന് ചൂട്ടുപിടിക്കുന്ന നിലപാടാണ് കേരളത്തിൽ യു.ഡി.എഫും കോൺഗ്രസുമെടുക്കുന്നത്.