കർഷകർ ജോലിയില്ലാത്ത മദ്യപാനികൾ: ബി.ജെ.പി എം.പി , കാർ തല്ലിത്തകർത്ത് കർഷക പ്രതിഷേധം

Saturday 06 November 2021 1:20 AM IST

ന്യൂഡൽഹി:സമരം നടത്തുന്ന കർഷകർ ജോലിയില്ലാത്ത മദ്യപാനികളാണെന്ന വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പിക്കെതിരെ പ്രതിഷേധം വ്യാപകം. ബി.ജെ.പി രാജ്യസഭാംഗം രാം ചന്ദർ ജംഗ്രക്കെതിരെയാണ് കർഷക രോഷം അണപൊട്ടിയത്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സത്രം ഉദ്ഘാടനം ചെയ്യാനെത്തിയ എം.പിയുടെ കാർ കർഷകർ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് നേതൃത്വം നൽകിയ കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമമാണ് തനിക്കെതിരെ നടന്നതെന്ന് എം.പി പ്രതികരിച്ചു. എം.പി ഉദ്ഘാടനം ചെയ്യേണ്ട സത്രത്തിലേക്കുള്ള വഴിയിൽ കർഷകർ തടിച്ചുകൂടി നിൽക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ വൻ പൊലീസ് സന്നാഹം സജ്ജമാക്കിയെങ്കിലും ആൾകൂട്ടത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കർഷകർ എം.പിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘർഷത്തിൽ എം.പിയുടെ കാറിന്റെ മുൻവശത്തെ ചില്ല് തകർന്നു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ എം.പിയുടെ അനുയായികൾ കർഷകർക്കെതിരെയും മുദ്രാവാക്യം മുഴക്കി.

ഹരിയാന ഡി.ജി.പിയോടും എസ്.പിയോടും സംസാരിച്ചെന്നും കുറ്റം ചെയ്തവർക്ക് കടുത്ത ശിക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞദിവസം റോത്തക്കിലെ ഒരു ഗോശാലയിൽനടന്ന ദീപാവലി ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴും രാം ചന്ദർ ജംഗ്രക്കെതിരെ കർഷകർ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.