സാമഗ്രികളുടെ വില വർദ്ധന: കിതച്ച് നിർമ്മാണ മേഖല

Saturday 06 November 2021 12:00 AM IST

ആലപ്പുഴ: കെട്ടിട നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സാധന സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു. പ്രകൃതി ക്ഷോഭത്തെ തുടർന്ന് പല സാമഗ്രികൾക്കും ക്ഷാമവും നേരിടുന്നുണ്ട്. ഇതോടെ വീട് പണിയുന്നവരും കരാറുകാരും ദുരിതത്തിലായി.

കൊവിഡിനെ തുടർന്നാണ് നിർമ്മാണ മേഖലയിൽ പ്രതിസന്ധി ആരംഭിച്ചത്. പിന്നാലെ ഇന്ധനവില കുതിച്ചുയർന്നതോടെ നിർമ്മാണ സാമഗ്രികൾക്കും വില വർദ്ധിച്ചു. ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും മറ്റൊരു കാരണമാണ്. കരാർ ഉറപ്പിച്ച തുകയ്ക്ക് ഏറ്റെടുത്ത നിർമ്മാണം പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ് മേഖലയിലുള്ളവർ പറയുന്നു.

കരിങ്കല്ല്, മെറ്റൽ, പാറപ്പൊടി, സിമന്റ്, കമ്പി, കട്ട, എം സാൻഡ് തുടങ്ങിവയ്ക്കും വില കൂടി. പല ക്രഷറുകളിലും തോന്നിയ വിലയാണ്. ഇതിന് പുറമെ കിലോമീറ്റർ അനുസരിച്ച് ലോറി വാടകയും കൂടി. ക്രഷറുകളിൽ നിന്നല്ലാതെ ഏജൻസികളിൽ നിന്ന് വാങ്ങുമ്പോൾ വില വീണ്ടും ഉയരും.

വീടുകളുടേതടക്കം നിരവധി നിർമ്മാണ ജോലികൾ മുടങ്ങിക്കിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം നിറുത്തിവച്ച നിർമ്മാണം പുനരാരംഭിക്കാനും കഴിഞ്ഞിട്ടില്ല.

നൂലാമാലയായി നിർമ്മാണചട്ടം

നിർമ്മാണ ചട്ടങ്ങളിലെ മാറ്റവും മേഖലയ്ക്ക് പ്രതികൂലമായി. ചെറിയ വർക്കുകൾക്ക് പോലും വലിയ നൂലാമാലയാണെന്ന പരാതി വ്യാപകമാണ്. മുമ്പ് സൈറ്റ് പ്ലാൻ മാത്രം പഞ്ചായത്തിൽ സമർപ്പിച്ചാൽ മതിയായിരുന്നു. ഇപ്പോൾ ലൈസൻസുള്ള ഡ്രാഫ്ട്സ്‌മാൻ, എൻജിനിയർ എന്നിവർ നേരിട്ടെത്തി ബോദ്ധ്യപ്പെട്ട് സാക്ഷ്യപത്രം സമർപ്പിക്കണം. സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തതുമായിരിക്കണം. ഇവയെല്ലാം സാധാരണക്കാരുടെ വീടിന്റെ അറ്റകുറ്റപ്പണികൾക്ക് തടസം സൃഷ്ടിക്കുകയാണ്.

സിമന്റ് ചാക്കിന് ₹ 450-500

കരിങ്കല്ല് ലോഡിന് ₹ 6,500

മെറ്റൽ ₹ 6000

എംസാൻഡ് ₹ 9,000

കമ്പി കിലോയ്ക്ക് ₹ 75

വാർക്ക മണൽ ഒരടി ₹ 54

ചുടുകട്ട ഒരെണ്ണം ₹ 12

സോളിഡ് കട്ട 6 ഇഞ്ച് ₹ 35

''

ഏറ്റെടുത്ത നിർമ്മാണം കൃത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനൊപ്പം സാധനങ്ങളുടെ ക്ഷാമവും വലയ്ക്കുന്നു. പല സ്ഥലങ്ങളിലും വീടുപണി നിറുത്തി.

ഷിബു, കരാറുകാരൻ