ആദിശങ്കരൻ മതം മനുഷ്യക്ഷേമത്തിനെന്ന് ലോകത്തെ പഠിപ്പിച്ച ഋഷിവര്യൻ: മോദി

Saturday 06 November 2021 12:48 AM IST

ന്യൂഡൽഹി: മതവും ആത്മീയതയും മനുഷ്യ ക്ഷേമത്തിനെന്ന് ലോകത്തെ പഠിപ്പിച്ച ഋഷിവര്യനാണ് ആദിശങ്കരനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

പുനർനിർമ്മാണം നടത്തിയ ആദി ഗുരുശങ്കരാചാര്യരുടെ പ്രതിമയും സമാധി സ്ഥലവും രാഷ്ട്രത്തിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രത്തിനും ലോകത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ആദിശങ്കരന്റെ ദർശനം ലോകത്തിന് വഴികാട്ടിയായി.

സമാധിക്ക് മുന്നിലിരുന്ന് ധ്യാനിച്ചപ്പോഴുണ്ടായ അനുഭവം വിവരണാതീതമാണ്. വാക്കുകളിൽ പ്രകടിപ്പിക്കാനാവില്ല. 2013ലെ പ്രളയത്തിൽ തകർന്ന ആദിശങ്കര സമാധി പുനർ നിർമ്മിക്കാൻ കഴിയുമോയെന്ന് സംശയിച്ചവരുണ്ടായിരുന്നു. എന്നാൽ എന്റെ ഉള്ളിലിരുന്നാരോ നിരന്തരം അത് സാദ്ധ്യമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ അത് സംഭവിച്ചു. പഴയതിലും ഗംഭീരമായി ആദിശങ്കര സമാധി പുനർ നിർമ്മിച്ചു. അയോദ്ധ്യയും മഥുരയും വാരണാസിയുമൊക്കെ അതിന്റെ പ്രതാപം വീണ്ടെടുക്കുകയാണ്. ഇന്നത്തെ ഇന്ത്യ അതിന്റെ സംസ്കാരത്തിലും പൗരാണികതയിലും ആത്മവിശ്വാസവും അഭിമാനവും പ്രകടിപ്പിക്കുന്നു -മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ കേദാർനാഥ് സന്ദർശനം ബി.ജെ.പി രാജ്യവ്യാപക ആഘോഷമാക്കി മാറ്റി. കേരളത്തിൽ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഢി പങ്കെടുത്തു.

ഇന്നലെ രാവിലെ 7.30ഓടെ ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്. ജനറൽ ഗുർമീത് സിംഗ് (റിട്ട.), മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എന്നിവർ ചേർന്ന് സ്വീകരിച്ചു.

കേദാർനാഥിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തി. മഹാരുദ്രാഭിഷേകപൂജ ചെയ്തു. വികസന പ്രവർത്തനങ്ങൾ വീക്ഷിച്ചു. തുടർന്ന് ആദിശങ്കര പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സമാധി സ്ഥലത്തെത്തി. അവിടെ അല്പസമയം ഏകനായിരുന്ന് ധ്യാനിച്ചു.

മറ്റ് വികസന പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു.

180 കോടിയുടെ വികസന പദ്ധതികൾ

ഉത്തരാഖണ്ഡിന്റെ സമഗ്ര വികസനത്തെ കൂടി സഹായിക്കുന്ന 180 കോടി രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. സംഗമഘട്ട് പുനർവികസനം, പ്രഥമ ശുശ്രൂഷാ കേന്ദ്രം, അഡ്മിനിസ്ട്രേഷൻ ഓഫീസ്, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകൾ, പൊലീസ് സ്റ്റേഷൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, മന്ദാകിനി ആസ്ഥ് പഥ് ക്യൂ സംവിധാനം, മഴ കൊള്ളാതിരിക്കാനുള്ള സംവിധാനം, സരസ്വതി സിവിക് അമിനിറ്റി കേന്ദ്രം എന്നീ പദ്ധതികൾക്ക് പുറമെ ഋഷികേശിനും കരൺ പ്രയാഗിനുമിടയിൽ റെയിൽ പദ്ധതി, ഭാരത് മാത പദ്ധതിയിൽപ്പെടുത്തി ചാർധാം ഓൾ വെതർ റോഡ് എന്നിവയ്ക്കുമാണ് തുടക്കമിട്ടത്. കേദാർപുരി പദ്ധതി പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നാണ്.

Advertisement
Advertisement