കൊവിഡ് കേസുകൾ കൂടുന്നു ജർമ്മനിയിൽ നാലാം തരംഗം

Saturday 06 November 2021 2:41 AM IST

ബെര്‍ലിന്‍: യൂറോപ്പിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ ജർമനിയിൽ കൊവിഡ് നാലാം തരംഗമെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,120 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ചേറ്റവും കൂടിയ പ്രതിദിന കൊവിഡ് കണക്കാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് ജർമനിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകൾ കുത്തനെ കൂടുകയാണെന്നും രാജ്യത്ത് നാലാം തരംഗത്തിൽ കൊവിഡ് കേസുകൾ അസാധാരണമാം വിധം ഉയരുകയാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം മന്ദഗതിയിലായതാണ് കേസുകൾ വർധിക്കാൻ കാരണമായതെന്നും ഇതുവരെ 67 ശതമാനം ജനങ്ങൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജർമനിയുടെ ചില മേഖലകളിൽ ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങൾ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്നും

വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗം ഗുരുതരമാവുകയാണെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ലോകത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. യൂറോപ്പിലും ഏഷ്യയിലും കൊവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്നത് മേഖല വീണ്ടും കൊവിഡിന്റെ പ്രഭവകേന്ദ്രമാക്കി മാറ്റുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. യൂറോപ്പ് മേഖലയിൽ 78 മില്ല്യൺ കോവിഡ് കേസുകളാണുള്ളത്.

കേസുകൾ ഇനിയും കൂടിയാൽ ആശുപത്രി സൗകര്യങ്ങൾക്ക് ക്ഷാമം നേരിടും. കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളിൽ പകുതിയും മദ്ധേഷ്യയിൽ നിന്നാണ്.
രോഗ വ്യാപനം ഇതേ പോലെ തുടർന്നാൽ മദ്ധേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളിൽ അഞ്ച് ലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടർ ഹാൻസ് ക്ലൂജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement