കൊവിഡ് വാക്സിനെടുക്കാത്തവരെ പിരിച്ചു വിട്ട് എയർ കാനഡ

Saturday 06 November 2021 2:48 AM IST

ഒട്ടാവ: കൊവിഡ് വാക്സിനെടുക്കാത്ത 800 ജീവനക്കാരെ പിരിച്ചു വിട്ട് കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ. ജീവനക്കാർക്ക് വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാൻ ഡിസംബർ ഒന്ന് വരെ അധിക സമയവും നൽകിയിട്ടുണ്ട്. മറ്റൊരു കനേഡിയൻ എയർലൈനായ വെസ്റ്റ് ജെറ്റും 300 ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. രാജ്യത്തെ മറ്റ് വിമാന കമ്പനികളും ഇതേ നടപടി പിൻതുടരുമെന്നാണ് റിപ്പോർട്ട്. എയർ കാനഡയിലെ ഭൂരിഭാഗം ജീവനക്കാരും രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ടെന്ന് എയർ കാനഡ കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റൂസോ പറഞ്ഞു.

'ഞങ്ങളുടെ ജീവനക്കാരിൽ 96 ശതമാനത്തിലധികം പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും മെഡിക്കൽ അല്ലെങ്കിൽ മറ്റ് അനുവദനീയമായ ഇളവുകൾ ഇല്ലാത്ത,​ വാക്സിനേഷൻ എടുക്കാത്ത ജീവനക്കാരെ നിർബന്ധിതമായി ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റൂസോ കൂട്ടിച്ചേർത്തു.

എയർ, , ഷിപ്പിംഗ് ,​ റെയിൽകമ്പനികളോട് ഒക്ടോബർ 30നകം ജീവനക്കാർക്കായി വാക്സിനേഷൻ പോളിസികൾ രൂപീകരിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടിരുന്നു. രാജ്യത്തെ എയർലൈൻ മേഖലയിൽ സമ്പൂർണ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.