ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ആദ്യമായി ദീപാവലി ആഘോഷം

Saturday 06 November 2021 2:49 AM IST

ന്യൂയോർക്ക്: ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ചരിത്രത്തിലാദ്യമായി ദീപാവലി ആശംസകളോടെ അനിമേഷനുകൾ തെളിഞ്ഞു. നവംബർ 2 ന് വെകുന്നേരം മുതൽ 4ാം തീയതി വരെ ഇത് തുടർന്നു. ഇത് കൂടാതെ ആകാശത്ത് വിവിധ തരം പടക്കങ്ങൾ വർണപ്പൊലിമയുടെ മാറ്റു കൂട്ടി.സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ദീപാവലി ആഘോഷം വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമെന്ന് അധികൃതരിലൊരാളായ മാർക്ക് ഡൊമിനോ പറഞ്ഞു.ന്യൂ ജേഴ്സിയിലെ സൗത്ത് ഏഷ്യൻ എൻഗേജ്‌മെന്റ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ വംശജരും അമേരിക്കൻ ജനപ്രതിനിധികളും വ്യവസായികളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

അമേരിക്കയിലെ പ്രശസ്ത ഗായികയും നടിയുമായി മിൽബെൻ അമേരിക്കയുടെ ദേശീയ ഗാനം ആലപിച്ച് പരിപാടിയിൽ പങ്ക് ചേർ‌ന്നു.

ആശംസകൾ നേർന്ന് ബൈഡൻ

ലോകമെമ്പാടുമുള്ള ദീപാവലിയാഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.

അമേരിക്കയിൽ ദീപാവലിയാഘോഷിക്കുന്ന എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികൾക്കും ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ളവർക്കും ആശംസകൾ നേരുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. അന്ധകാരം നീങ്ങി,​ പ്രകാശം പരക്കുമ്പോൾ അവിടെ ജ്ഞാനവും സത്യവും ജ്വലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഭാര്യ ജിൽ ബൈഡനോടൊപ്പം ദീപങ്ങൾ തെളിയിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Advertisement
Advertisement