അപ്രതീക്ഷിത മഴ,​ ദുരിതത്തിലായി ജനങ്ങൾ

Saturday 06 November 2021 2:56 AM IST

തിരുവനന്തപുരം: ദീപാവലി ദിനത്തിൽ രാത്രിയോടെ പെയ്ത മഴ ആഘോഷത്തിന് മങ്ങലേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെ പെയ്ത മഴ 15 മിനിട്ടോളം നീണ്ടുനിന്നു. റെയിൽവേ സ്‌റ്റേഷന് മുന്നിലെ റോഡിലും ഹൗസിംഗ് ബോർഡിൽ നിന്ന് തമ്പാനൂരിലേക്ക് വരുന്ന തോപ്പുഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ബസ് സ്‌റ്റാൻഡിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും എത്തിയവരും ഇരുചക്ര വാഹനങ്ങളും നന്നേ ബുദ്ധിമുട്ടി. ഇരുപതോളം വീടുകളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. 45 മിനിട്ടിന് ശേഷം വെള്ളം ഇറങ്ങുകയും ചെയ്തു.

ഓടകൾ നിറഞ്ഞതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറ‍ഞ്ഞു. വെള്ളക്കെട്ട് തടയാൻ നടപടികൾ സ്വീകരിച്ചെന്ന് നഗരസഭ അവകാശപ്പെടുന്നുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നാണ് ഓരോ മഴയും തെളിയിക്കുന്നത്. ആയിരത്തോളം ഓടകളാണ് നഗരത്തിലുള്ളത്. ഇവയിൽ മാലിന്യങ്ങളും മണ്ണും അടിയുന്നതാണ് ചെറിയ മഴ പോലും നഗരത്തെ വെള്ളത്തിൽ മുക്കുന്നത്.

ഓടകളിൽ നിന്ന് നീക്കംചെയ്യുന്ന മാലിന്യം അതിന് സമീപത്തുതന്നെയാണ് ഇപ്പോഴും നിക്ഷേപിക്കുന്നത്. വീണ്ടും മഴ പെയ്യുമ്പോൾ ഇത് തിരികെ ഓടകളിലേക്കു തന്നെ ഇറങ്ങുന്നത് ഒഴുക്ക് തടയുകയും വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുകയും ചെയ്യും. ആമയിഴഞ്ചാൻ തോടിന് ആഴം കൂട്ടി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് തമ്പാനൂർ കൗൺസിലർ സി. ഹരികുമാർ പറഞ്ഞു. നാല് കോടിയുടെ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചതായും ഒരു മാസത്തിനുള്ളിൽ നടപടികൾ തുടങ്ങുമെന്നും കൗൺസിലർ അറിയിച്ചു.