പാതയോരങ്ങളിൽ ഓറഞ്ച് വില്പന,​ വിപണിയിൽ മൊഞ്ചത്തി

Sunday 07 November 2021 12:17 AM IST

കോട്ടയം : മഴ പടിയിറങ്ങും മുമ്പ് വിപണി കൈയേറി ഓറഞ്ച്. ഇത്തവണ സീസണിന് മുമ്പേ പാതയോരങ്ങളിൽ ഓറ‌ഞ്ച് വില്പന സജീവമായി. സാധാരണ നവംബർ മാസത്തോടെയാണ് ഓറ‌ഞ്ച് വിപണി സജീവമാകാറ്. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടായി. നാഗ്പൂരിൽ നിന്നാണ് പ്രധാനമായും ഓറഞ്ച് കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് ഓറഞ്ച് എത്തുന്നുണ്ട്. വഴിയോരങ്ങളിൽ വാഹനങ്ങളിലാണ് പ്രധാനമായും ഇപ്പോൾ ഓറ‌ഞ്ച് വിറ്റഴിക്കുന്നത്. ഒപ്പം മുന്തിരിയുമുണ്ട്. ഓറഞ്ച് മൂന്ന് കിലോ 100, മുന്തിരി ഒരു ബോക്‌സ് 100 എന്നിങ്ങനെയാണ് വില നിലവാരം. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരും പുതുജീവിതമാർഗമായി പഴം വിപണി തിരഞ്ഞെടുത്തവരുമാണ് ഏറെ. കരിമ്പ്, കരിക്ക്, ഡ്രാഗൺ ഫ്രൂട്ട് എന്നിവയുമുണ്ട് നിരത്തിൽ. കരിമ്പ് ജ്യൂസ് : 40, കരിക്ക് : 50, ഡ്രാഗൺ ഒരെണ്ണം : 100 എന്നിങ്ങനെയാണ് വില.

വൈകുന്നേരങ്ങളിലെ മഴ പലപ്പോഴും കച്ചവടം നടക്കാതെ വരുന്നതിന് ഇടയാക്കുന്നു. രാവിലെ നടക്കുന്ന കച്ചവടത്തെ ആശ്രയിച്ചാണ് വരുമാന ലഭ്യത. വരുംദിവസങ്ങളിൽ കച്ചവടത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഷൗക്കത്ത് അലി, വഴിയോരക്കച്ചവടക്കാരൻ