എം.വി.ആറിനു സംരക്ഷണം നൽകിയതിനെ ചൊല്ലി മക്കൾ പോര് മുറുകുന്നു

Sunday 07 November 2021 12:19 AM IST
എം.വി. രാഘവൻ

തുറന്ന സംവാദം വേണമെന്ന് നികേഷ്, തയാറെന്ന് രാജേഷ്

കണ്ണൂർ: മുൻ മന്ത്രിയും സി.എം.പി ജനറൽ സെക്രട്ടറിയുമായിരുന്ന എം.വി. രാഘവൻ സി.പി.എമ്മിൽ നിന്നു പുറത്തായപ്പോൾ ആരാണ് സംരക്ഷണം നൽകിയെന്നതിനെ ചൊല്ലി മക്കൾ പോര് മുറുകുന്നു. എം.വി.ആറിനെ സംരക്ഷിച്ചത് കോൺഗ്രസാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയെ തുടർന്നാണ് വിവാദം കൊഴുത്തത്.

ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് മകൻ നികേഷ് കുമാർ കെ. സുധാകരനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ മറ്റൊരു മകനും സി.എം.പി ജനറൽ സെക്രട്ടറിയുമായ എം.വി. രാജേഷും തുറന്നടിച്ചു. ബദൽ രേഖ വിവാദത്തെത്തുടർന്ന് സി.പി.എം വിട്ട എം.വി.ആറിന് സംരക്ഷണം നൽകിയത് കെ. കരുണാകരനും കെ. സുധാകരനും ഉൾപ്പെട്ട കോൺഗ്രസ് നേതൃത്വം തന്നെയാണെന്നാണ് രാജേഷ് പറഞ്ഞത്. എം.വി.ആർ ചരമവാർഷിക ദിനാചരണ പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് രാജേഷ് ഇങ്ങനെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഇനി വിവാദത്തിനില്ലെന്നും അതൊക്കെ തങ്ങൾ പരിഹരിച്ചുവെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പറഞ്ഞു
സാധാരണ നിലയിൽ ഒരു പാർട്ടി, മറ്റൊരു പാർട്ടിക്ക് നൽകുന്ന സംരക്ഷണത്തിന് പിന്തുണ എന്നാണ് പറയാറുള്ളത്. എന്നാൽ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. എം.വി.ആറിന് നേരെയുണ്ടായ സി.പി.എം ആക്രമണം അതേനിലയിൽ കെ. സുധാകരനു നേരെയും ഉണ്ടായിട്ടുണ്ട്. ഒരർത്ഥത്തിൽ ഇരുവരും ഒന്നായാണ് ഈ അക്രമത്തെ നേരിട്ടത്. സ്വാഭാവികമായും പരസ്പരം സംരക്ഷണം നൽകിയിട്ടുണ്ടാവുമെന്നും രാജേഷ് പറഞ്ഞു.

1986 ൽ എം.വി.ആർ, സി.പി.എം വിട്ട് പുറത്തു വരികയും സി.പി.എം അക്രമം ആരംഭിക്കുകയും ചെയ്തപ്പോൾ ലീഡർ കെ.കരുണാകരനാണ് ആദ്യം സംരക്ഷണം വാഗ്ദാനം ചെയ്തു വന്നത്. അന്നത്തെ കോൺഗ്രസിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സുധാകരൻ. എം.വി.ആറിനൊപ്പം നിന്ന് സി.പി.എം അക്രമത്തെ അദ്ദേഹം ചെറുത്തു. പിന്നീട് അദ്ദേഹം പലതവണ കോൺഗ്രസ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ അംഗമാവുകയും കോൺഗ്രസ് പിന്തുണയോടെ നിയമസഭയിലെത്തുകയും ചെയ്തു. സഹകരണം ഇല്ലെങ്കിൽ ഇത് സാധ്യമാവുമോ? ഈ വിഷയത്തിൽ തന്റെ സഹോദരൻ നികേഷ് കുമാർ പരസ്യസംവാദത്തിന് തയ്യാറാവുന്നത് സ്വാഗതാർഹമാണ്. സംവാദമല്ലേ നടക്കുന്നത് പരസ്പരം ആക്രമണമല്ലല്ലോ? രാജേഷ് ചോദിച്ചു.

Advertisement
Advertisement