മാടൻവിള- അഴൂർ റോഡ് തവിടുപൊടി !

Sunday 07 November 2021 1:37 AM IST

ചിറയിൻകീഴ്: പെരുമാതുറ- അഴൂർ റോഡിൽ അഴൂർ കടവ് പാലത്തിന് സമീപത്തായി റോഡിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. അഴൂർ കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് സമീപത്തായാണ് റോഡിൽ കുഴി രൂപപ്പെട്ടത്. ഇതിനുപുറമേ മാടൻവിള മുതൽ അഴൂർ റെയിൽവേ ഗേറ്റ് വരെയുളള റോഡും പൂർണ്ണമായും തകർന്നിരിക്കുകയാണ്. ദിനം പ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. പെരുമാതുറ നിവാസികൾക്ക് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും ദേശീയ പാതയിലേക്കും എത്താനുളള എളുപ്പ പാതയാണിത്. ചിറയിൻകീഴ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എയർപോർട്ടിലേക്കും തിരുവനന്തപുരം സിറ്റിയുടെ വിവിധ ഭാഗങ്ങളിലേക്കും ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാനായി ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മാസങ്ങളായി ഇവിടെ ഈ റോഡ് തകർന്ന് കിടക്കുകയാണ്.

ശക്തമായ മഴയിൽ കുഴിയിൽ വെള്ളം നിറയുന്നതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിലെ അപകടങ്ങൾ പെരുകുമ്പോഴും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തകർന്നത്.... അഴൂർകടവ് പാലത്തിന് സമീപം

റോഡ് നവീകരിച്ചത്...... 2018ൽ

* മാടൻവിള മുതൽ അഴൂർ റെയിൽവേ ഗേറ്റ് വരെയുളള റോഡും പൂർണ്ണമായും തകർന്നു

*അഴൂർ കടവ് പാലത്തിന് മുകളിലും കുഴികൾ രൂപാന്തരപ്പെട്ടു തുടങ്ങി

*മാസങ്ങളായി ഈ റോഡ് തകർന്ന് കിടക്കുകയാണ്

** യാത്രക്കാർ ദുരിതത്തിൽ

അഴൂർ കടവ് പാലത്തിന് മുകളിലും കുഴികൾ രൂപാന്തരപ്പെട്ടുതുടങ്ങി. 2018ൽ ആധുനിക നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറയുമായി മുതലപ്പൊഴിയിലേക്ക് എത്തുന്ന ടോറസ് ലോറികൾ ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇതാണ് എളുപ്പം ഈ റോഡ് തകരുന്നതിനിടയാക്കിയതായി നാട്ടുകാർ പറയുന്നു. റോഡിന്റെ പല ഭാഗത്തും ഭാഗികമായി മാത്രമാണ് തെരുവ് ലൈറ്റുകൾ പ്രകാശിക്കുന്നത്. കൂടാതെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണിവിടെ. ഇതെല്ലാം ഇതുവഴിയുളള ബൈക്ക് യാത്രക്കാർക്ക് ദുരിതങ്ങളാണ് സമ്മാനിക്കുന്നത്.

പ്രതികരണം: അടിയന്തരമായി ഈ റോഡ് ഗതാഗതയോഗ്യമാക്കാനുളള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

അൻസർ പെരുമാതുറ (യൂത്ത് ലീഗ് ചിറയിൻകീഴ് മണ്ഡലം കൗൺസിൽ അംഗം)

Advertisement
Advertisement