ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം: കൊവിഡ് വർദ്ധിച്ചേക്കാമെന്ന് വിദഗ്ദ്ധർ

Sunday 07 November 2021 1:35 AM IST

ന്യൂഡൽഹി: ദീപാവലിക്കു ശേഷം അപകടകരമായ നിലയിൽ അന്തരീക്ഷ മലിനീകരണം കൂടിയ ഡൽഹിയിൽ ശ്വാസകോശ രോഗങ്ങൾക്കൊപ്പം കൊവിഡും വർദ്ധിച്ചേക്കാമെന്ന് വിദഗ്‌ദ്ധരുടെ മുന്നറിയിപ്പ്. ദീപാവലി പടക്കങ്ങൾക്കും അയൽ സംസ്ഥാനങ്ങളിൽ വയ്ക്കോൽ കത്തിക്കലിനും നിയന്ത്രണം ഏർപ്പെടുത്തിയത് ഫലിച്ചില്ലെന്നാണ് വിലയിരുത്തൽ.

ശൈത്യകാലത്തുണ്ടാകുന്ന രൂക്ഷമായ അന്തരീക്ഷ മലി​നീകരണം ഡൽഹി​ നി​വാസി​കളുടെ ആയുർദൈർഘ്യം

കുറയ്ക്കുന്നതായി​ പഠനത്തി​ൽ തെളി​ഞ്ഞി​ട്ടുണ്ടെന്ന് ഡൽഹി​ എയിംസ് മേധാവി​ ഡോ. രൺ​ദീപ് ഗുലേറി​യ പറഞ്ഞു. ഡൽഹി​ക്കാരുടെ ശ്വാസകോശങ്ങളി​ൽ അന്തരീക്ഷ മാലി​ന്യങ്ങൾ നി​റയുകയാണ്. അന്തരീക്ഷത്തി​ലെ പൊടി​പടലങ്ങൾ കൊവി​ഡ് വൈറസി​ന് തങ്ങി​ നി​ൽക്കാൻ അവസരം നൽകുമെന്നും രോഗവ്യാപനത്തി​ന് അതുവഴി​ സാദ്ധ്യതയുണ്ടെന്നും അതിനാൽ മാസ്ക് ധാരണം കർശനമാക്കണമെന്നും ഡോ. ഗുലേറി​യ ചൂണ്ടി​ക്കാട്ടുന്നു.

2017മുതൽ ശൈത്യകാലത്ത് അന്തരീക്ഷം മോശമാകുന്നതിന് ദീപാവലിയോടനുബന്ധിച്ചുള്ള പടക്കം പൊട്ടിക്കലും വയ്‌ക്കോൽ കത്തിക്കലും കാരണമാകുന്നുണ്ടെന്നും ഗുലേറിയ പറയുന്നു.ദീപാവലിക്ക് ശേഷം പതിവുള്ള മഴ എത്താത്തതും കാറ്റു വീശാത്തതും മൂലം അന്തരീക്ഷത്തിൽ പി.എം5, പി.എം10 കണികകൾ തങ്ങി നിൽക്കുന്നതാണ് കനത്ത മൂടൽ മഞ്ഞിനും മലിനീകരണത്തിനും കാരണമാകുന്നത്. ഡൽഹിയിൽ ഇന്നലെ അന്തരീക്ഷ ഗുണനിലവാര സൂചിക(എ.ക്യൂ.ഐ) 630 രേഖപ്പെടുത്തി. ഏറ്റവും അപകടകരമായ കണക്കാണിത്.