തന്റെ ഭാഗത്ത് തെ‌റ്റുണ്ടായില്ല, 'ചോദിക്കാനുള‌ളത് സംസ്ഥാന സെക്രട്ടറിയോട് ചോദിക്കൂ'; അച്ചടക്ക നടപടി നേരിട്ടശേഷം മാദ്ധ്യമങ്ങളോട് ജി സുധാകരൻ

Saturday 06 November 2021 8:55 PM IST

തിരുവനന്തപുരം: പരസ്യ ശാസന തീരുമാനമുണ്ടായ സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം നടപടിയിൽ പ്രതികരിക്കാതെ മുതിർന്ന നേതാവ് ജി.സുധാകരൻ. സംസ്ഥാന സമിതിയോഗത്തിൽ തന്റെ ഭാഗത്ത് തെറ്റുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. പക്ഷെ പാർട്ടി സംസ്ഥാന സമിതി അന്വേഷണ കമ്മീഷൻ കണ്ടെത്തലിനെ ശരിവയ്‌ക്കുകയായിരുന്നു.

യോഗശേഷം ക്ളിഫ് ‌ഹൗസിലേക്ക് പോയ അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടു. ഇതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോൾ തനിക്കൊന്നും പറയാനില്ല, ചോദിക്കാനുള‌ളത് പാർട്ടി സെക്രട്ടറിയോട് ചോദിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന എച്ച്.സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനുള‌ള പ്രചാരണം നടത്താൻ ജി.സുധാകരൻ വീഴ്‌ച വരുത്തിയെന്നാണ് എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. സുധാകരന്റെ നിഷേധ സ്വഭാവം സ്ഥാനാർത്ഥിയ്‌ക്ക് പ്രചാരണത്തിൽ പിന്തുണ നൽകാതെ പ്രതിഫലിച്ചുവെന്നും കമ്മീഷൻ കണ്ടെത്തി. മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും സ്ഥാനാർത്ഥിത്വം കിട്ടാതെ വന്നപ്പോൾ ജി.സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നുമാണ് പാർട്ടി വിലയിരുത്തിയത്.


എച്ച്.സലാമിനെതിരെ മണ്ഡലത്തിൽ ഉണ്ടായ പോസ്‌റ്റർ പ്രചരണമുൾപ്പടെ തടയാൻ മുതിർന്ന നേതാവായ സുധാകരൻ ഇടപെട്ടില്ല. പരസ്യ ശാസനയാണ് സുധാകരന് ലഭിച്ച ശിക്ഷ. താക്കീത്, ശാസന എന്നിവയ്‌ക്ക് ശേഷമാണ് പാർട്ടിയിൽ പരസ്യ ശാസന എന്ന ശിക്ഷാ നടപടി.