ചില്ലിക്കാശിന്റെ നികുതി കുറയ്‌ക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹം: ഹസൻ

Sunday 07 November 2021 12:16 AM IST

തിരുവനന്തപുരം: ഇന്ധനനികുതി കുറച്ച് നക്കാപ്പിച്ച സൗജന്യം കേന്ദ്രസർക്കാർ നൽകുമ്പോൾ ചില്ലിക്കാശിന്റെ നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രം നികുതി കുറച്ചപ്പോൾ സ്വാഭാവികമായി കേരളത്തിൽ ഇന്ധനവില കുറഞ്ഞത് സംസ്ഥാന സർക്കാർ നികുതി കുറച്ച മട്ടിൽ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. കൊവിഡ് കാലത്ത് മോഷണം നടത്തിയ കള്ളൻ പരിയാരത്ത് കവർന്ന സ്വർണാഭരണവും പണവും തിരികെ നൽകാൻ കാട്ടിയ സത്യസന്ധതയെങ്കിലും കൊട്ടാരക്കരയിലെ ബാലഗോപാൽ കാട്ടണം. കേന്ദ്രവും സംസ്ഥാനവും നികുതിക്കൊള്ള അവസാനിപ്പിക്കുന്നതുവരെ യു.ഡി.എഫ് ശക്തമായ സമരം നടത്തും. അടുത്ത കാലത്ത് 18,355 കോടി രൂപയാണ് ഇന്ധന നികുതിയിനത്തിൽ സംസ്ഥാനത്തിന് ലഭിച്ചത്. എന്നാൽ ഒരു രൂപ പോലും ഇന്ധന നികുതി കുറയ്ക്കില്ലെന്ന് പറയുന്ന ധനമന്ത്രി ഷൈലോക്കിന്റെ മറ്റൊരു രൂപമാണ്. യു.പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് നികുതിയിൽ നേരിയ ഇളവ് വരുത്താൻ മോദി തയ്യാറായത്. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും കുത്തനെയാണ് വില കൂട്ടിയതെന്നും ഹസൻ പറഞ്ഞു.