ജയ് ഭീം വെറുമൊരു സിനിമയല്ല, ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ ജീവിതം
ചെന്നൈ: ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തമിഴ്, മലയാള പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ, ടി.ജെ. ജ്ഞാനവേൽ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിർമ്മിച്ച് അഭിനയിച്ച "ജയ് ഭീം" വെറുമൊരു സിനിമയല്ല. റിട്ട ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ യഥാർത്ഥ ജീവിതമാണ് വെള്ളിത്തിരിയിൽ ആസ്വാദകരെ ചുട്ടുപൊള്ളിച്ചത്.
സിനിമയിൽ സൂര്യയുടെ ചന്ദ്രു എന്ന അഭിഭാഷകന്റെ കഥാപാത്രവും കഥയിലെ സംഭവങ്ങളുമെല്ലാം യഥാർത്ഥത്തിൽ നടന്നതാണ്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കേസുകൾ ഒരു പൈസ പോലും ഫീസ് വാങ്ങാതെ വാദിച്ചിരുന്ന ചന്ദ്രു എന്ന മുതിർന്ന അഭിഭാഷകൻ നടത്തിയ വളരെ കോളിളക്കം സൃഷ്ടിച്ച കേസാണ് ജ്ഞാനവേൽ വെള്ളിത്തിരയിലെത്തിച്ചത്. ഇരുളർ സമുദായത്തിൽപ്പെട്ട ഒരു ആദിവാസി സ്ത്രീയുടെ ഭർത്താവിന്റെ കസ്റ്റഡി മരണമാണ് കേസിനാധാരം. ആദിവാസി സമൂഹം നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ജാതി വിവേചനത്തെയും കൃത്യമായി വരച്ചു കാട്ടുന്ന ചിത്രത്തിലെ യഥാർത്ഥ നായകനായ ചന്ദ്രു ആക്ടിവിസ്റ്റും അഭിഭാഷകനുമായിരുന്നു. തമിഴ്നാട്ടിലെ സി.പി.എം പ്രവർത്തകരിൽ ഒരാളായ ചന്ദ്രു, വിദ്യഭ്യാസ കാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളുമായി ശ്രദ്ധേയനായിരുന്നു
28 വർഷങ്ങൾക്ക് മുമ്പാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ കഥ നടക്കുന്നത്. 1993ൽ ഒരു യോഗത്തിനായി നെയ്‌വേലിക്കടുത്ത് ഒരു ഗ്രാമത്തിൽ പോയപ്പോൾ തന്റെ ഭർത്താവിനെ കാണിനില്ലെന്ന പരാതിയുമായി രാജാക്കണ്ണിന്റെ ഭാര്യ എന്റെ അടുത്ത് വരികയായിരുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രു പറയുന്നു.തന്റെ വക്കീൽ ജീവിതത്തിലെ ഏറ്റവും പ്രമാദമായ കേസ് എന്ന് അദ്ദേഹം തന്നെ പല തവണ വിശേഷിപ്പിച്ചിട്ടുള്ള ഈ കേസിലെ വിധി നീതിന്യായ വ്യവസ്ഥിതിയിലുള്ള സാധാരണക്കാരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് കാരണമായി.
ഏറെക്കാലം അഭിഭാഷകനായി തുടർന്ന അദ്ദേഹം 2006 ജൂലായ് 31ന് ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി. പിന്നീട 2009 നവംബർ ഒമ്പതിനാണ് സ്ഥിരം ജഡ്ജിയായത്. 2013 മാർച്ചിൽ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി വിരമിച്ചു. ജഡ്ജിയെന്ന നിലയിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിധികളോടെ 96,000 കേസുകൾ അദ്ദേഹം തീർപ്പാക്കി. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പൂജാരികളാകാം, ജാതി നോക്കാതെ പൊതുവായ ശ്മശാന ഭൂമി ഉണ്ടായിരിക്കണം, ഉച്ചഭക്ഷണ കേന്ദ്രങ്ങളിൽ സാമൂഹിക അടിസ്ഥാനത്തിലുള്ള സംവരണം വേണം തുടങ്ങിയവ അദ്ദേഹത്തിന്റെ നിർണായകമായ വിധികളിൽ ചിലതാണ്. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശേഷം ജസ്റ്റിസ് ചന്ദ്രു എഴുതിയ ലിസൺ ടു മൈ കേസ് എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.