ഇന്ധന വിലവർദ്ധന : കേന്ദ്രത്തിനെതിരെ സമരത്തിന് സി.പി.എം

Sunday 07 November 2021 12:58 AM IST

തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്ക്കെതിരെ പാർട്ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ഈ മാസം 16ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ചും പത്തും രൂപ വീതം കുറച്ച ശേഷം സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാനാവശ്യപ്പെട്ട കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് നീക്കം. തുടർച്ചയായി നികുതി ഉയർത്തിയ ശേഷം ചെറിയ കുറവ് വരുത്തിയത് കണ്ണിൽ പൊടിയിടലാണെന്നും സംസ്ഥാനങ്ങൾക്ക് മേൽ ഭാരം അടിച്ചേൽപ്പിക്കലാണെന്നുമാണ് സി.പി.എം വിലയിരുത്തൽ.

സംസ്ഥാനസമ്മേളനം മാർച്ച് 1 മുതൽ 4 വരെ

സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ഡിസംബർ ഏഴിന് വൈകിട്ട് 5ന് എറണാകുളത്ത് ചേരും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ എളമരം കരീം അദ്ധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement