സ്വപ്‌ന ജയിൽ മോചിത; ചങ്കിടിപ്പോടെ ഉന്നതർ

Sunday 07 November 2021 12:02 AM IST

തിരുവനന്തപുരം: ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്നാ സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങുകയും കുറേ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് അവരുടെ അമ്മ പ്രഭ പറയുകയും ചെയ്തതോടെ, സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഉന്നതരുടെ നെഞ്ചിടിപ്പേറി.

ഒന്നേകാൽ വർഷത്തെ ജയിൽ വാസത്തിനു ശേഷം ഇന്നലെയാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ നിന്ന് മോചിതയായത്. പിന്നീട് പ്രതികരിക്കാമെന്നു പറഞ്ഞ് അമ്മയ്ക്കൊപ്പം സ്വപ്ന വീട്ടിലേക്ക് പോയെങ്കിലും, പലതും പറയാനുണ്ടെന്ന അമ്മയുടെ വാക്കുകളിലാണ് ഇനി ആകാംക്ഷ. സ്വപ്നയ്ക്ക് പറയാനുള്ളത് അന്വേഷണ ഏജൻസികൾക്കെതിരെയാണോ എന്നും കണ്ടറിയണം.

2020 ജൂലായ് 11നാണ് സ്വപ്നയെ എൻ.ഐ.എ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തിനടക്കം കൂട്ടുനിന്ന ഉന്നതർ ജയിലിൽ നിന്നിറക്കാൻ സഹായിക്കാതിരുന്നതിൽ സ്വപ്ന പ്രകോപിതയാണെന്നാണ് സൂചന. അതിനാലാണ് അന്വേഷണത്തിനിടെ വിവിധ ഏജൻസികളോട് മറച്ചുപിടിച്ച വിവരങ്ങൾ പുറത്തുവിടുമെന്ന ഭീഷണി.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരു പറയാൻ ഏജൻസികൾ തനിക്കു മേൽ സമ്മർദ്ദം ചെലുത്തുന്നെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് സർക്കാർ പ്രതിരോധിച്ചത്. സുരക്ഷാ ചുമതലയുള്ള പൊലീസുകാരാണ് സ്വപ്നയുടെ ശബ്ദം റെക്കാഡ് ചെയ്തതെന്ന് കേന്ദ്രഏജൻസികൾ കണ്ടെത്തിയെങ്കിലും ഇതിനു പിന്നിലുള്ള ഉള്ളുകള്ളികൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

സ്വപ്നയുടെ ബോസ് ആരാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താൻ ഇതുവരെ കേന്ദ്ര ഏജൻസികൾക്കായിട്ടില്ല. പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്നല്ലാതെ സ്വർണക്കടത്ത് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. ആർക്കുവേണ്ടിയാണ് സ്വപ്ന സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് ഇനിവേണം കണ്ടെത്താൻ. യു.എ.ഇയുടെ നയതന്ത്ര ചാനൽ ദുരുപയോഗിച്ച് അതീവരഹസ്യമായി നടത്തിയ സ്വർണക്കടത്ത് ഒറ്റുകൊടുത്തതാരാണെന്നും പുറത്തറിഞ്ഞിട്ടില്ല.

യു.എ.ഇ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും സാമ്പത്തിക ലാഭത്തിനപ്പുറം സ്വർണക്കടത്തിലൂടെ എന്തൊക്കെ നേട്ടങ്ങളുണ്ടായിട്ടുണ്ട്, സ്വർണക്കടത്ത് ആസൂത്രണത്തിലുണ്ടായിരുന്ന സരിത്ത്, സന്ദീപ് എന്നിവരല്ലാതെ മറ്റാരെങ്കിലും അന്വേഷണത്തിൽ നിന്ന് രക്ഷപെട്ടോ, അറസ്റ്രിലാവും മുൻപ് സ്വപ്നയെയും സന്ദീപിനെയും ഒളിപ്പിച്ചതാര് തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് സ്വപ്നയ്ക്ക് ഉത്തരം നൽകാനുണ്ടാവും.