ധനമന്ത്രിയുടെ നികുതിക്കണക്ക് സി.പി.എമ്മുകാർ പോലും വിശ്വസിക്കില്ല: കെ. സുരേന്ദ്രൻ

Sunday 07 November 2021 12:19 AM IST

കോഴിക്കോട്: കേന്ദ്രത്തിനൊപ്പം കേരളവും ആനുപാതികമായി നികുതി കുറച്ചതിനാലാണ് ഇന്ധവില കുറഞ്ഞതെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മണ്ടത്തരം സി.പി.എമ്മുകാർ പോലും വിശ്വസിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ കുറച്ച നികുതിയുടെ ക്രെഡിറ്റ് കൈക്കലാക്കാൻ നോക്കാതെ ജനങ്ങൾക്ക് ആശ്വാസകരമായ നടപടിയാണ് സംസ്ഥാന സർക്കാർ കൈകൊള്ളേണ്ടത്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാനം നികുതി ചുമത്തുന്നത്. വൻകിട മുതലാളിമാരുടെ നികുതി പിരിക്കാതെ പാവങ്ങളുടെ പോക്കറ്റിൽ കൈയിട്ടുവാരുകയാണ് ഇടത് സർക്കാർ. ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റ് വരുമാന മാർഗം കണ്ടെത്താൻ ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കിൽ ശക്തമായ ജനരോഷം സർക്കാർ നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.